
പാലാ: ഒരു സ്മാർട്ട് ഫോൺ ഉപയോഗിച്ച് 46 ദിനങ്ങൾകൊണ്ട് അമൽരാജ് നേടിയത് 518 അന്തർദ്ദേശീയ കോഴ്‌സുകളുടെ സർട്ടിഫിക്കറ്റുകൾ. അമേരിക്കയിലെ ഹാർവാർഡ് മെഡിക്കൽ സ്‌കൂൾ, യൂണിവേഴ്‌സിറ്റി ഒഫ് മിഷിഗൺ, ലണ്ടനിലെ യൂണിവേഴ്‌സിറ്റി ഒഫ് ലീഡ്‌സ്, ലണ്ടൻ കിംഗ്‌സ് കോളേജ്, ആസ്‌ട്രേലിയയിലെ മർഡോക്ക്, മെൽബൺ തുടങ്ങി 18 സർവകലാശാലകളിലെ സർട്ടിഫിക്കറ്റുകളാണ് 21 കാരനായ അമൽ സ്വന്തമാക്കിയത്. ഇതിൽ 40 ഡിപ്ലോമ കോഴ്സുകൾക്ക് പണച്ചെലവുണ്ടായിരുന്നു. മറ്റെല്ലാം സൗജന്യ കോഴ്സുകളാണ്. 52 ക്വിസ് സർട്ടിഫിക്കറ്റുകളും ഇതിനുള്ളിൽ നേടി.
പാലാ പ്രവിത്താനം തോപ്പിൽ വീട്ടിലെ അമൽരാജ് കോതമംഗലം നങ്ങേലിൽ ആയുർവേദ മെഡിക്കൽ കോളേജിലെ അവസാന വർഷ ബി.എ.എം.എസ് വിദ്യാർത്ഥിയാണ്. കഠിനമായ ക്ഷയം ബാധിച്ച ടി.കെ. മാധവനെ ചികിത്സിച്ച കൈപ്പുണ്യത്തിനുടമയായ ആയുർവേദ ഭിഷഗ്വരൻ തോപ്പിൽ ഭാസ്‌കരൻ വൈദ്യന്റെ കൊച്ചുമകനായ അമൽ ലിംക ബുക്കിലും ഗിന്നസിലും ഇടംനേടാനുള്ള ശ്രമത്തിലാണ്.
ആയുർവേദ പഠനത്തിന്റെ ഇടവേളകളിൽ മറ്റു ചില കോഴ്‌സുകൾ കൂടി പഠിക്കണമെന്ന ആഗ്രഹമാണ് അമലിനെ വേറിട്ട നേട്ടത്തിലെത്തിച്ചത്. കൊവിഡിനെ മാനസികമായി തോൽപ്പിക്കാനുള്ള കോഴ്സിലായിരുന്നു ആദ്യ സർട്ടിഫിക്കറ്റ്. ഓൺലൈൻപഠനം ഹരമായതോടെ സ്‌പോർട്‌സ് മെഡിസിനിലും എൻജിനിയറിംഗിലും സൈക്കോളജിയിലും കമ്പ്യൂട്ടർ സയൻസിലുമെല്ലാം ചേർന്നു. ഇപ്പോൾ 10 കോഴ്‌സുകളിൽ പഠനം തുടരുന്നു. ''കുടുംബാംഗങ്ങളുടെ പ്രോത്സാഹനത്തിനൊപ്പം ആയുർവേദ കോളജിലെ വൈസ് പ്രിൻസിപ്പൽ ഡോ. ബിനോയി ഭാസ്‌കരനും മറ്റ് അദ്ധ്യാപകരും പിന്തുണച്ചു. ഡിസംബറോടെ 700 സർട്ടിഫിക്കറ്റുകളെങ്കിലും നേടണം. ഈശ്വരാനുഗ്രഹമുണ്ടെങ്കിൽ നേടിയിരിക്കും"- വീടിന്റെ പൂമുഖത്തെ ശ്രീനാരായണ ഗുരുദേവ ചിത്രത്തെ നമിച്ചുകൊണ്ട് അമൽ പറഞ്ഞു. റബർ ബിസിനസുകാരനായ ബി.ഹരിദാസിന്റെയും വീട്ടമ്മയായ ജയയുടെയും മകനാണ്. സഹോദരി അമിത ടി. ദാസ് കോഴിക്കോട് മലബാർ മെഡിക്കൽ കോളേജിൽ ഹൗസ് സർജനാണ്.
ഒരു ദിനം, 20 മണിക്കൂർ
പല ദിവസവും 20 മണിക്കൂർ വരെ അമൽരാജ് ഓൺലൈനിൽ ചെലവഴിച്ചിരുന്നു. നേട്ടങ്ങളറിഞ്ഞ് യൂണിവേഴ്‌സൽ റെക്കാഡ് ഫോറം (യു.ആർ.എഫ്), ലിംക ബുക്ക് ഒഫ് റെക്കാഡ്‌സ് എന്നിവയുടെ പ്രതിനിധികൾ അമലിനെ ബന്ധപ്പെട്ടു. രണ്ടു മാസത്തിനുള്ളിൽ 350 കോഴ്സുകൾ നേടിയതാണ് നിലവിലുള്ള ലിംക ബുക്ക് റെക്കാഡ്.