കോട്ടയം: നഗരമധ്യത്തിലെ അപ്പാർട്ട്‌മെന്റിൽ സ്വർണ വ്യാപാരിയെ എത്തിച്ച് കെണിയൊരുക്കിയ കേസിൽ ഫോട്ടോ എടുക്കാൻ വ്യാപാരിയ്‌ക്കൊപ്പം നിന്ന സ്ത്രീയെ കണ്ടെത്താൻ പൊലീസ് അന്വേഷണം ഊർജിതമാക്കി. കേസിലെ പ്രധാന പ്രതിയായ ഗുണ്ടാ നേതാവിനെ പിടികൂടാൻ സാധിച്ചെങ്കിൽ മാത്രമേ കെണിയൊരുക്കാൻ കൂട്ടുന്ന സ്ത്രീ ഏതാണെന്ന് വ്യക്തമാകൂ.

കേസിൽ അറസ്റ്റിലായ രണ്ടു പ്രതികളെ പൊലീസ് ചോദ്യം ചെയ്‌തെങ്കിലും കെണിയൊരുക്കാൻ എത്തിയ സ്ത്രീയെപ്പറ്റി പൊലീസിനു കൃത്യമായ സൂചനകൾ ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് പൊലീസ് ഗുണ്ടാ സംഘത്തിനു പിന്നാലെ തിരിഞ്ഞിരിക്കുന്നത്. നഗരത്തിലെ കുപ്രസിദ്ധ ഗുണ്ടയുടെ രണ്ടാം ഭാര്യയ്ക്കു പെൺകെണി ഒരുക്കിയതിൽ പങ്കുണ്ടെന്ന സൂചനകളുടെ അടിസ്ഥാനത്തിൽ പൊലീസ് സംഘം കഴിഞ്ഞ ദിവസം ഇവരെ വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു. ചങ്ങനാശേരി സ്വദേശിയായ ഈ യുവതിയെ ചോദ്യം ചെയ്‌തെങ്കിലും ഇവർ അന്വേഷണവുമായി സഹകരിക്കുന്നില്ല.

ജില്ലയിലെ ചീട്ടുകളി ബ്ലേഡ് മാഫിയ സംഘത്തിനു ഹണി ട്രാപ്പുമായി ബന്ധമുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്. ചീട്ടുകളി കളങ്ങളിൽ എത്തുന്ന ഉന്നതന്മാരെയും രാഷ്ട്രീയക്കാരെയും ബ്ലേഡുകാരെയും വ്യവസായികളെയുമാണ് സംഘം കെണിയിൽപ്പെടുത്തിയിരുന്നത്. ഇത്തരത്തിൽ കൂടുതൽ ആളുകൾ ഹണിട്രാപ്പിൽ കുടുങ്ങിയതായും പൊലീസ് സംശയിക്കുന്നുണ്ട്.

ഇതുവരെ 12 ഓളം ആളുകൾ കെണിയിൽ കുടുങ്ങിയിട്ടുണ്ടെന്ന സൂചനയാണ് ലഭിക്കുന്നത്. രണ്ടു മുതൽ അഞ്ചു ലക്ഷം രൂപ വരെ പലർക്കും നഷ്ടമായിട്ടുണ്ട്. ഈ തുക ഗുണ്ടാ സംഘങ്ങൾ വീതം വയ്ക്കുകയാണോ, ഇതിനു പിന്നിൽ മറ്റാരെങ്കിലും ഉണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. നിലവിലെ സാഹചര്യത്തിൽ ഗുണ്ടാ സംഘത്തെ കുടുക്കുന്നതിനു വിശദമായ അന്വേഷണം വേണ്ടിവരും.


പിന്നിൽ പെൺവാണിഭവും

ഹണിട്രാപ്പ് സംഘത്തിന് പെൺവാണിഭ മാഫിയയുമായി ബന്ധമുണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നു. ജില്ലയുടെ വിവിധ സ്ഥലങ്ങളിൽ നിന്നും സ്ത്രീകളെ എത്തിച്ചാണ് സംഘം കെണി ഒരുക്കിയിരുന്നതെന്നാണ് സൂചന. ഇത്തരത്തിൽ കെണിയൊരുക്കുന്നതിനു സ്ത്രീകളെ എത്തിച്ചത് പെൺവാണിഭ സംഘത്തിൽ നിന്നാണെന്ന സംശയമാണ് ഉയരുന്നത്. നിലവിൽ കേസിൽ പിടികൂടാനുള്ള പ്രതികളെല്ലാവരും കഞ്ചാവ് ബ്ലേഡ് ചീട്ടുകളി മാഫിയ സംഘാംഗങ്ങളാണ്. ഇവർക്കു വേണ്ടി ഉന്നതന്മാർ അർക്കം ഇടപെടുന്നുണ്ടെന്നാണ് സൂചന. ഈ സാഹചര്യത്തിൽ എത്രയും വേഗം എല്ലാ പ്രതികളെയും കുടുക്കാൻ പൊലീസ് നടപടികൾ ആരംഭിച്ചിട്ടുണ്ട്.