collection-unit
കട്ടപ്പന പഴയ ബസ് സ്റ്റാന്‍ഡില്‍ മാലിന്യ സംഭരണ കേന്ദ്രം തുറന്നതോടെ പ്രതിഷേധവുമായി എത്തിയ വ്യാപാരികളും നാട്ടുകാരും.

വ്യാപാരികൾ കേന്ദ്രത്തിനു മുമ്പിൽ റിലേ സമരം തുടങ്ങി
സംഭരണ കേന്ദ്രം മറ്റൊരിടത്തേയ്ക്ക് മാറ്റണമെന്ന് ആവശ്യം

കട്ടപ്പന: കട്ടപ്പന നഗരസഭയുടെ സമ്പൂർണ മാലിന്യ സംസ്‌കരണ പദ്ധതിയുടെ ഭാഗമായി പഴയ ബസ് സ്റ്റാൻഡിൽ സംഭരണ കേന്ദ്രം തുറന്നു. പദ്ധതിയിൽ രജിസ്റ്റർ ചെയ്തവർ എത്തിക്കുന്ന മാലിന്യം ഇവിടെ ജൈവ, പ്ലാസ്റ്റിക്, പേപ്പർ എന്നിങ്ങനെ തരംതിരിച്ച് സംഭരിക്കും. ഇതിനിടെ വ്യാപാര സ്ഥാപനങ്ങൾക്കുസമീപം കേന്ദ്രം തുറന്നതിനെതിരെ പ്രതിഷേധവുമായി വ്യാപാരികൾ രംഗത്തെത്തി. ഇവർക്ക് പിന്തുണയുമായി പ്രതിപക്ഷ കൗൺസിലർമാരും സ്ഥലത്തെത്തിയതോടെ കട്ടപ്പന പൗരസമിതിയുടെ നേതൃത്വത്തിൽ സംഭരണ കേന്ദ്രത്തിനു മുമ്പിൽ റിലേ സത്യഗ്രഹ സമരം ആരംഭിച്ചു.
സമ്പൂർണ മാലിന്യ സംസ്‌കരണ പദ്ധതി വിജയമായതോടെ നഗരസഭയെ സമ്പൂർണ ശുചിത്വ പദവിയിലേക്ക് ഉയർത്തിയിരുന്നു. മാലിന്യ ശേഖരണം പൂർണതോതിലാക്കുന്നതിനാണ് പഴയ ബസ് സ്റ്റാൻഡിലെ നഗരസഭയുടെ കെട്ടിടത്തിൽ സംഭരണകേന്ദ്രം ഇന്നലെ തുറന്നത്. നഗരസഭാദ്ധ്യക്ഷൻ ജോയി വെട്ടിക്കുഴി ഉദ്ഘാടനം നിർവഹിച്ചു. പദ്ധതിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവർക്ക് പ്രവൃത്തിദിനങ്ങളിൽ രാവിലെ എട്ടുമുതൽ ഉച്ചകഴിഞ്ഞ് മൂന്നുവരെ ഇവിടെ മാലിന്യം ഏൽപ്പിക്കാം. തുടർന്ന് മാലിന്യം വേർതിരിച്ച് നഗരസഭ കാര്യാലയത്തിനു സമീപത്തെ സ്റ്റോർ മുറിയിലേക്കും പിന്നീട് സംസ്‌കരണ കേന്ദ്രത്തിലേക്കും മാറ്റും. സമീപത്തെ വ്യാപാര സ്ഥാപനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാകാത്ത തരത്തിൽ സംഭരണ കേന്ദ്രം പ്രവർത്തിക്കുമെന്ന് ജോയി വെട്ടിക്കുഴി പറഞ്ഞു. ഹെൽത്ത് ഇൻസ്‌പെക്ടർ ആറ്റ്‌ലി പിജോൺ, ജൂനിയർ ഇൻസ്‌പെക്ടർ വിനീഷ് ജേക്കബ് എന്നിവരും പങ്കെടുത്തു.
ഉദ്ഘാടനത്തിനു പിന്നാലെ സമീപത്തെ വ്യാപാരികൾ പ്രതിഷേധവുമായി എത്തുകയായിരുന്നു. നഗരസഭയുടെ ഉടമസ്ഥതയിൽ ആൾത്തിരക്കില്ലാത്ത മറ്റൊരു സ്ഥലത്തേയ്ക്ക് സംഭരണ കേന്ദ്രം മാറ്റണമെന്നാണ് വ്യാപാരികളുടെ ആവശ്യം. പഴയ ബസ് സ്റ്റാൻഡിൽ തന്നെയുള്ള ശൗചാലയ മന്ദിരമോ ബയോ കൺവെർട്ടർ യൂണിറ്റ് സ്ഥാപിക്കാനായി നഗരസഭ കാര്യാലയത്തിനു സമീപം നിർമിച്ച കെട്ടിടമോ ഉപയോഗപ്പെടുത്തണം. ബേക്കറി ഉൾപ്പെടെ കടകളാണ് കേന്ദ്രത്തിനു സമീപം പ്രവർത്തിക്കുന്നത്. കേന്ദ്രത്തിന്റെ പ്രവർത്തനം പഴയ ബസ് സ്റ്റാന്റിനെ മാലിന്യക്കൂമ്പാരമാക്കി മാറ്റും. ഇതിനു അനുവദിക്കില്ലെന്നും വ്യാപാരികൾ പറഞ്ഞു. ഇവർക്ക് പിന്തുണയുമായി എൽ.ഡി.എഫ്. കൗൺസിലർമാരും സ്ഥലത്തെത്തിയതോടെ പ്രതിഷേധം ശക്തമായി. സംഭരണ കേന്ദ്രം തുറക്കുന്ന കാര്യം അറിയിച്ചില്ലെന്ന് വാർഡ് കൗൺസിലർ സി.കെ. മോഹനൻ പറഞ്ഞു. നഗരസഭ കൗൺസിൽ യോഗത്തിൽ പോലും ചർച്ച ചെയ്യാതെ നഗരസഭാദ്ധ്യക്ഷൻ ഏകപക്ഷീയമായീ തീരുമാനമെടുക്കുകയാണെന്ന് കൗൺസിലർമാരായ എം.സി. ബിജു, ടിജി. എം.രാജു എന്നിവർ ആരോപിച്ചു. തുടർന്ന് സമീപത്തെ വ്യാപാരികൾ റിലേ സമരം ആരംഭിക്കുകയായിരുന്നു.