
കോട്ടയം : ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തി കടപ്ലാമറ്റം, വെള്ളൂർ, തൃക്കൊടിത്താനം, തോട്ടയ്ക്കാട് എന്നിവിടങ്ങളിൽ സജ്ജമാക്കിയ കുടുംബാരോഗ്യ കേന്ദ്രങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് നാടിന് സമർപ്പിക്കും. രാവിലെ 11ന് വീഡിയോ കോൺഫറൻസ് മുഖേന നടക്കുന്ന ചടങ്ങിൽ മന്ത്രി കെ.കെ.ശൈലജ അദ്ധ്യക്ഷത വഹിക്കും. വെള്ളൂരിൽ സി.കെ.ആശ എം.എൽ.എ ശിലാഫലകം അനാച്ഛാദനം ചെയ്യും. കടപ്ലാമറ്റത്ത് നടക്കുന്ന ചടങ്ങിൽ അഡ്വ. മോൻസ് ജോസഫ് എം.എൽ. എ ആമുഖ പ്രസംഗവും, എം.പിമാരായ ജോസ്. കെ.മാണി, തോമസ് ചാഴികാടൻ എന്നിവർ മുഖ്യ പ്രഭാഷണവും നടത്തും. തൃക്കൊടിത്താനത്ത് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ ഉദ്ഘാടനം ചെയ്യും. പള്ളത്ത് മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ശിലാഫലകം അനാച്ഛാദനം ചെയ്യും.