മൂന്നിലവ് പഞ്ചായത്തിലെ കടപുഴ സാമൂഹ്യവിരുദ്ധ താവളം

പാലാ: എന്തിന് കടപുഴ വെള്ളച്ചാട്ടത്തിന്റെ ടൂറിസം സാധ്യതകളെ ഇല്ലാതാകുന്നു? മൂന്നിലവ് പഞ്ചായത്തിലെ കടപുഴ വെള്ളച്ചാട്ടം സാമൂഹ്യ വിരുദ്ധർക്ക് തമ്പടിക്കാനുള്ള ഇടമാകുമ്പോൾ പ്രകൃതിരമണീയമായ പ്രദേശത്തിന്റെ വികസനസാധ്യതകൾ കൂടിയാണ് ഇല്ലാതാകുന്നത്. വെള്ളച്ചാട്ടത്തിനടുത്തിരുന്ന് 'വെള്ളമടിക്കാൻ' കടപുഴയെത്തുകയാണ് മദ്യപസംഘങ്ങൾ. കടപുഴ വെള്ളച്ചാട്ടത്തിനടുത്തും ചപ്പാത്തിലും വിനോദസഞ്ചാരികളെന്ന മട്ടിൽ സാമൂഹ്യ വിരുദ്ധർ തമ്പടിക്കുന്നതായി നാട്ടുകാർ നിരവധി തവണ പരാതിപ്പെട്ടിരുന്നു. എന്നാൽ യഥാസമയം വിവരമറിയിച്ചാലും മേലുകാവ് പൊലീസ് ഈ സ്ഥലത്തേയ്ക്ക് വരാറില്ലെന്നും ആക്ഷേപമുണ്ട്.

കടപുഴയിൽ സന്ദർശകരെന്ന വ്യാജേന എത്തുന്ന യുവാക്കളായ മദ്യപന്മാരുടെ കേന്ദ്രമായി മാറിയിട്ട് നാളുകളായെന്ന് നാട്ടുകാർ പറയുന്നു.

മദ്യവും മയക്കുമരുന്ന് ഉൾപ്പെടെയുള്ള ലഹരി വസ്തുക്കളും പരസ്യമായിപ്പോലും ഇവിടെ വന്നിരുന്ന് ഉപയോഗിക്കുകയും മദ്യകുപ്പികളും പ്ലാസ്റ്റിക് മാലിന്യങ്ങളും വെള്ളത്തിലും കരയിലും സമീപത്തുള്ള സ്വകാര്യ വ്യക്തികളുടെ പുരയിടങ്ങളിലും വലിച്ചെറിയുകയുമാണ്. വാഹന സൗകര്യം തീരെയില്ലാതിരുന്ന കടപുഴയുടെ മറുകരയിലെ താമസക്കാർക്ക് ഓട്ടോറിക്ഷയും ജീപ്പും കാറുമടക്കം വാഹനങ്ങൾ കൊണ്ടുപോകാൻ വേണ്ടിയാണ് മൂന്നിലവ് പഞ്ചായത്ത് തോട്ടിൽ ഈ ചപ്പാത്ത് നിർമ്മിച്ചത്.
മൂന്നിലവ് മേച്ചാൽ റോഡിൽ നിന്ന് പുഴയിലേക്കിറങ്ങുന്ന കോൺക്രീറ്റ് റോഡിൽ സമീപവാസികളുടെ വാഹനങ്ങൾ കടന്നുപോകാൻ കഴിയാത്ത വിധം കാറുകളും ജീപ്പുകളും ബൈക്കുകളും റോഡിന്റെ മധ്യത്തിൽത്തന്നെ പാർക്കു ചെയ്തിട്ടാണ് പല സന്ദർശകരും പുഴയിലേക്കും സമീപത്തെ കുറ്റിക്കാടുകളിലേക്കും പോകുന്നത്.

പ്രദേശവാസികൾ കടന്നുപോകാൻ വാഹനവുമായി കാത്തുകിടന്നാലും പരിഗണിക്കാൻ പോലും ഇത്തരക്കാർ പലപ്പോഴും തയ്യാറാകുന്നില്ല.

കഴിഞ്ഞദിവസം അമ്പതോളം അന്യനാട്ടുകാരാണ്, പരിസരവാസികൾക്ക് ബുദ്ധിമുട്ടുണ്ടാക്കി ചപ്പാത്തിൽ തമ്പടിച്ചത്.

ഒന്നിനും സംവിധാനമില്ല

നിരവധി പേർ പ്രകൃതി സൗന്ദര്യം നുകരാനായി ഇവിടെ എത്തുന്നുണ്ടെങ്കിലും പ്ലാസ്റ്റിക് കുപ്പികളും മാലിന്യങ്ങളും നിക്ഷേപിക്കാനുള്ള ഒരു സംവിധാനവും മൂന്നിലവ് പഞ്ചായത്ത് അധികൃതർ ഇവിടെ ഒരുക്കിയിട്ടില്ല. മദ്യവും മയക്കുമരുന്നും ഉപയോഗിക്കുന്ന യുവാക്കൾ ചപ്പാത്തിനു താഴെയുള്ള വെള്ളച്ചാട്ടത്തിലേക്ക് എത്തുന്നത് അപകടസാധ്യതയും വർധിപ്പിക്കുന്നു .കാലൊന്നു തെറ്റിയാൽ വെള്ളം നിറഞ്ഞു കിടക്കുന്ന വലിയ കുഴികളിലേക്കാവും വീഴുക. യാതൊരു വിധ മുന്നറിയിപ്പു ബോർഡുകളും ഇവിടെയില്ല.