
ഗാന്ധിനഗർ: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കൊവിഡ് രോഗിയെ പുഴു അരിച്ച സംഭവത്തിൽ ഡോക്ടറേയും, ഹെഡ് നേഴ്‌സുമാരേയും സസ്‌പെൻഡ് ചെയ്തതിൽ പ്രതിഷേധിച്ച് കോട്ടയം മെഡിക്കൽ കോളേജിലെ ഡോക്ടർമാർ ഒ.പി.ബഹിഷ്‌കരിച്ചു. രാവിലെ 8 മുതൽ 10 വരെയായിരിന്നു ബഹിഷ്‌കരണം. കെ.ജി എം.സി.ടി.എ പ്രസിഡന്റ് ഡോ.എസ് സുനിൽകുമാർ, സെക്രട്ടറി ഡോ.രതീഷ് കുമാർ, കെ.ജി.പി.എം.ടി.എ പ്രസിഡന്റ് ഡോ.ടിനു രവി എബ്രഹാം സെക്രട്ടറി ഡോ.സരിത ഷേണായി എന്നിവരുടെ നേതൃത്വത്തിലായിരുന്നു സമരം. എല്ലാ കൊവിഡ് കൺട്രോൾ സെന്ററുകളിലേയും ഡോക്ടർമാർ വിട്ടുനിന്നു. എം.ബി.ബി.എസ് ഓൺലൈൻ ക്ലാസുകൾ, കാൻസർ, ശസ്ത്രക്രിയകൾ, മറ്റ് അത്യാവശ്യ ശസ്ത്രക്രിയകൾ ഒഴികെയുള്ളവ മാറ്റിവച്ചു. ലേബർ റൂം, അത്യാഹിത വിഭാഗം, കൊവിഡ് ചികിത്സകൾ എന്നിവയെ സമരത്തിൽ നിന്നൊഴിവാക്കി.