coco

അടിമാലി: കൊക്കോ കൃഷിക്കാർ പണ്ടെങ്ങും അഭിമുഖീകരിക്കാത്ത ഒട്ടേറെ പ്രശ്നങ്ങളുടെ നടുവിൽപ്പെട്ട് നട്ടം തിരിയുന്നു. രോഗബാധ വന്ന് കൊക്കോ കൃഷി വ്യാപകമായി നശിച്ചു.കഴിഞ്ഞ വർഷത്തേക്കാൾ ഉത്പ്പാദനം നാൽപത് ശതമാനം കുറഞ്ഞു.മോശം പരിപ്പായതോടെ വില കുത്തനെ ഇടിഞ്ഞു.കൊക്കോ എടുക്കാനും ആളില്ല. ഇതിൽപ്പരം ദുരിതം കർഷകർക്ക് ഇനി വരാനില്ല.സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കൊക്കോ ഉല്പാദിപ്പിക്കുന്ന ജില്ലയെന്ന പെരുമ ഇപ്പോഴും ഇടുക്കിയ്ക്ക് തന്നെയാണ്. കാലാവസ്ഥ വ്യതിയാനമാണ് വില്ലനെന്ന് കർഷകർ.ഇത്തരം അടിയന്തിര ഘട്ടങ്ങളിൽ രക്ഷകരായെത്തി പ്രതിരോധ പ്രവർത്തനം നടത്തേണ്ട കൃഷിവകുപ്പ് മാറി നിൽക്കുന്നു.

അടിമാലി,മാങ്കുളം,വാത്തികുടി,കൊന്നത്തടി,വെളളത്തൂവൽ രാജാക്കാട്,കഞ്ഞികുഴി പഞ്ചായത്തുകളിലാണ് കൊക്കോ മുഖ്യമായി കൃഷിയുളളത്. നാടിന്റെ സാമ്പത്തികനട്ടെല്ലായിരുന്ന കൊക്കോ കൃഷി .വിലത്തകർച്ചയിലും മഹാളിരോഗത്തിലും ഞെരുക്കത്തിലായപ്പോൾ ഇല്ലാതായത് കർഷകരുടെ സ്വപ്നങ്ങളാണ്.7550 ഹെക്ടർ സ്ഥലത്താണ് ജില്ലയിൽ കൊക്കോ കൃഷിയുളളത്. ഇത്തവണ പൂവിരിഞ്ഞ് കിളിർത്ത കായകളെല്ലാം മരത്തിൽ തന്നെ കരിഞ്ഞ് പോയി.വർഷത്തിൽ 7 മുതൽ 9 മാസംവരെ തുടർച്ചയായി വിളവ് ലഭിക്കുന്ന കൃഷിയാണ് കൊക്കോ.ഏപ്രിൽ മുതൽ സെപ്തംബർ കാലയളവിലാണ് ഏറ്റവും കൂടുതൽ വിളവ് ലഭിക്കുന്നത്.എന്നാൽ കൃത്യമായ തോതിൽ മഴ ലഭിക്കാത്തതും രോഗം പടരുന്നതുമാണ് കർഷകരെ പ്രതിസന്ധിയിലാക്കിയത്.ഒരുമരത്തിൽ സാധാരണയായി 100 മുതൽ 200 കായവരെ പിടിക്കാറുണ്ട്.ഇത്തവണ അതൊക്കെ തെറ്റി.സാധാരണ ഈ സമയത്ത് ഉത്പ്പാദനം ഏറ്റവും ഉയർന്ന് നിൽക്കേണ്ടതായിരുന്നു.കാലാവസ്ഥ വ്യതിയാനം മൂലം വർഷത്തിൽ 20 മുതൽ 25 ശതമാനംവരെ വിളവ് നഷ്ടമാകാറുണ്ടെങ്കിലും ഈ വർഷം കാലാവസ്ഥ ചതിക്കുകയായിരുന്നു.ഇതോടെ വിപണയിൽ കൊക്കോ എത്തുന്നില്ല.പൊതുമേഖല സ്ഥാപനമായ കാംകോ,കാഡ്ബറീസ് കമ്പനികളാണ് പ്രധാനമായി കൊക്കോ സംഭരിക്കുന്നത്.ജൈവകൃഷിയിൽ ഉയർന്ന ഗുണമേൻമ ലഭിച്ചിരുന്നത് ഇടുക്കിയിലെ കൊക്കോയ്ക്കായിരുന്നു.ഇത് രാജ്യന്തര വിപണിയിലും ഇടുക്കിയെ മുന്നിലെത്തിച്ചിരുന്നു.മറ്റ് കൃഷിക്കൊപ്പം ഇടവിളയായിട്ടാണ് ജില്ലയിൽ കൊക്കോ കൃഷി ചെയ്യുന്നത്. ഫൈത്തോഫ് തോറ എന്ന ഫംഗസാണ് കൊക്കോയെ ബാധിച്ചത്. ഇതിനുപുറമെ ടീമോസ്‌കിറ്റോകളും നാശംവിതയ്ക്കുന്നു. തുരിശും ചുണ്ണാമ്പും ചേർത്ത ബോർഡോ മിശ്രിതവും കുലാൻഫോസുമാണ് ഇതിന്റെ പ്രതിരോധമരുന്ന്.കഴിഞ്ഞ സീസണിൽ കിലോ 70 രൂപയുണ്ടായിരുന്ന പച്ചകൊക്കോയ്ക്ക് ഈ സീസണിൽ കിട്ടുന്നത് 35 രൂപയാണ്. ഉണക്കബീനിന് 160 രൂപയിൽ നിന്ന് 130 ലേക്ക് താഴ്ന്നു.


പരമ്പരാഗത കർഷകർക്ക് സഹായമില്ല.

കൊക്കോ പരമ്പരാഗത കൃഷിക്കാർക്ക് സഹായമില്ല.എന്നാൽ കൃഷി വിപുലീകരിക്കാൻ വൻതുക ചിലവൊഴിക്കുകയും ചെയ്യുന്നു.വിവിധങ്ങളായ രോഗങ്ങളും കോവിഡും മറ്റ് കൃഷിക്കാരെ പോലെ കൊക്കോ കർഷകരെയും പ്രതിസന്ധിയിലാക്കുകയാണ്.എന്നാൽ ഇവയുടെ നാശം തിട്ടപ്പെടുത്തുന്നതിനോ കർഷകരെ സഹായിക്കാനോ സർക്കാരിന്റെ ഭാഗത്ത് നിന്ന് യാതോരു നടപടിയുമില്ല.പുതിയ കർഷകർക്ക് മാത്രംപുതുതായി കൊക്കോകൃഷി ചെയ്യുന്ന കർഷകർക്ക് കൃഷിഭവൻ മുഖേന സഹായം. ഒരു ഹെക്ടർ കൃഷിക്ക് 12,000 രൂപയാണ് സഹായം.