
തിരുവഞ്ചൂർ: വീട്ടിലേയ്ക്കുള്ള മൂന്നടി വീതിയുള്ള ഇടവഴി മതിൽകെട്ടി അടച്ചതോടെ ദുരിതത്തിലായി ഒരു കുടുംബം. തിരുവഞ്ചൂർ നീറിക്കാട് മുകളേൽ വീട്ടിൽ മനോജും കുടുംബവുമാണ് വഴിയില്ലാതെ ദുരിതം അനുഭവിക്കുന്നത്. 30 വർഷമായി സഞ്ചരിച്ചുകൊണ്ടിരുന്ന വഴിയാണ് സമീപവാസി കരിങ്കല്ല് കെട്ടി അടച്ചത്. പുറത്തേയ്ക്ക് ഇറങ്ങുന്നതിന് മറ്റ് വഴികൾ ഇല്ലാത്തതിനാൽ വീടിനു സമീപത്തെ കയ്യാല കയറി റബ്ബർ തോട്ടത്തിലൂടെ നടന്നാണ് റോഡിലേയ്ക്ക് എത്തുന്നത്. പ്രായമായ മാതാവിനെയും രോഗിയായ പിതാവിനെയും ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകണമെങ്കിൽ പോലും കയ്യാല കയറി 200 മീറ്റർ തോട്ടത്തിലൂടെ സഞ്ചരിച്ച് വേണം റോഡിലേയ്ക്ക് എത്താൻ.
പരാതി നൽകി, വഴിയടച്ചു!
വഴി കെട്ടിയടച്ച വ്യക്തി സമീപത്തുകൂടെ കടന്നുപോകുന്ന പഞ്ചായത്ത് സ്ഥലത്തു നിന്നും മുൻപ് മണ്ണെടുത്തിരുന്നു. ഇതിനെതിരെ മനോജ് പരാതി നൽകിയിരുന്നു. സംഭവത്തെ തുടർന്ന് മണ്ണെടുക്കുന്നതിന് പഞ്ചായത്ത് സ്റ്റേ നല്കുകയും ചെയ്തു. ഇതേ തുടർന്ന് സമീപവാസിയുടെ പുരയിടത്തിലൂടെ മനോജിന്റെ വീട്ടിലേക്ക് കടന്നുപോകുന്ന വഴി കെട്ടി അടച്ചശേഷം വാഴ നടുകയും ഇരുമ്പ് കൂട് സ്ഥാപിക്കുകയും ചെയ്തു. തുടർന്ന് മനോജ് കോടതിയിലും പഞ്ചായത്തിലും പൊലീസിലും പരാതി നൽകി. കേസിൽ ആദ്യ വിധി മനോജിന് അനുകൂലമാകുകയും രണ്ടാമത് പ്രതികൂലമാകുകയും ചെയ്തു. കേസിന്റെ കാലാവധി കഴിഞ്ഞതിനാൽ പിന്നീട് മനോജിന് അപ്പീൽ പോകാൻ കഴിയാതെ വന്നു. വീണ്ടും കേസ് കൊടുക്കുകയും കേസ് പരിഗണനയ്ക്ക് വന്നെങ്കിലും കൊവിഡ് 19 നെ തുടർന്ന് കോടതി അവധി ആയി. വഴി തുറന്നു കിട്ടുന്നതിനായി അയർക്കുന്നം പൊലീസിലും പഞ്ചായത്ത് അധികൃതർക്കും പരാതി നൽകിയെങ്കിലും കേസ് കോടതിയുടെ പരിഗണനയിൽ നിൽക്കുന്നതിനാൽ നടപടിയുണ്ടായില്ല. നിലവിൽ വീടിനു സമീപത്തെ റബ്ബർതോട്ടത്തിലൂടെയാണ് ഇവർ യാത്ര ചെയ്യുന്നത്. ഇവിടെ റബ്ബർ വെട്ടിമാറ്റി മറ്റ് കൃഷി ചെയ്യുന്നതിനായി ഒരുങ്ങുകയാണ് ഉടമസ്ഥൻ. അതിനാൽ താല്കാലിക ആശ്രയമായ ഈ പാത കൂടെ അടച്ചാൽ പുറത്തേയ്ക്ക് എങ്ങനെ ഇറങ്ങുമെന്നുള്ള ആശങ്കയിലാണ് കുടുംബം.
വർഷങ്ങളായി നടന്നുകൊണ്ടിരുന്ന നടപ്പാതയാണിത്. ഒരു കൈയുടെ സ്വാധീനം നഷ്ടപ്പെട്ട പിതാവിനെയും പ്രായമായ മാതാവിനെയും കൊണ്ട് രാത്രി കാലങ്ങളിൽ അത്യാവശ്യസമയത്ത് ആശുപത്രിയിലേക്കും മറ്റും പോകണമെങ്കിൽ ബുദ്ധിമുട്ടാണ്. അടച്ചുകെട്ടിയ വഴി തുറന്നു നല്കണമെന്ന ആഗ്രഹം മാത്രമേയുള്ളൂ.
മനോജ് മുകളേൽ
നീറിക്കാട്
മനോജും കുടുംബവും ഈ നടപ്പാതയിലൂടെ സഞ്ചരിച്ചിരുന്നതാണ്. ഇടക്കാലത്താണ് പ്രശ്‌നങ്ങളെ തുടർന്ന് വഴി അടച്ചത്.
അയൽവാസി
അയർക്കുന്നം പഞ്ചായത്തിലെ 17 വാർഡിലാണ് മനോജ് താമസിക്കുന്നത്. മുൻപ് ഉണ്ടായിരുന്ന വഴിച്ചാലിലൂടെയാണ് ഇവർ യാത്ര ചെയ്തിരുന്നത്. ഇവർക്ക് റോഡിലേക്ക് ഇറങ്ങാൻ മറ്റ് റോഡുകളൊന്നും നിലവിലില്ല. പഞ്ചായത്തിലും വിഷയത്തെക്കുറിച്ച് പരാതി ലഭിച്ചിരുന്നു.
ആലീസ്
വാർഡ് മെമ്പർ
സ്ഥലം മേടിച്ചപ്പോൾ അതിൽ നടപ്പാതയുടെ കാര്യം രേഖപ്പെടുത്തിയിട്ടില്ല. ഇവർ സഞ്ചരിച്ചിരുന്നത് ഈ നടപ്പാതയിലൂടെയല്ല. ഇതുവഴി കടന്നുപോകുന്നത് കണ്ടിട്ടില്ല. സമീപത്തായി മറ്റൊരു വഴിച്ചാൽ കടന്നുപോകുന്നുണ്ട് ഇതിലൂടെയാണ് സഞ്ചരിക്കുന്നത്.
കേശവൻ,
സ്ഥലം ഉടമ