bund

കോട്ടയം: കൂടുതൽകാലം തണ്ണീർമുക്കം ബണ്ട് അടച്ചിടുന്നത് വേമ്പനാട്ട് കായലിലെ മത്സ്യ സമ്പത്ത് കുറയ്ക്കുമെന്ന് പഠനം. വർഷത്തിൽ 90 ദിവസം അടയ്ക്കണമെന്നാണ് നിർദേശമെങ്കിലും ശരാശരി 122 ദിവസം അടച്ചിട്ടുണ്ട്.

കുട്ടനാടിന് കാർഷിക കലണ്ടർ തയാറാക്കാനായി രാജ്യാന്തര കായൽകൃഷി ഗവേഷണ പരിശീലന കേന്ദ്രം നടത്തിയ പഠന റിപ്പോർട്ടിലാണ് ഈ ഗുരുതര സ്ഥിതി ചൂണ്ടിക്കാട്ടുന്നത്. അച്ചടക്കമില്ലാത്ത കൃഷിരീതി കാരണമാണ് അടച്ചിടൽ അശാസ്ത്രീയമായി നീളുന്നത്. കാർഷിക തീവ്രത ഇരട്ടിയാക്കുകയെന്ന ബണ്ടിന്റെ നിർമാണ ലക്ഷ്യം നേടിയിട്ടില്ലെന്നും റിപ്പോർട്ട് പറയുന്നു. ബണ്ട് ഒരു വർഷം പൂർണമായും തുറന്നിടുന്നത് പരിഗണിക്കണമെന്ന നിർദേശവുമുണ്ട്. ബണ്ട് അടയ്ക്കുമ്പോൾ 30 – 40 ശതമാനം വിസ്തൃതിയിൽ കളകൾ വർദ്ധിക്കുന്നു.

സംഭവിച്ചത്


 ബണ്ട് നിർമിച്ച ശേഷം മത്സ്യോത്പാദനം പകുതിയായി.

 മത്സ്യബന്ധനം തൊഴിലാക്കിയവർ 70 ശതമാനം കുറഞ്ഞു.

 25 ശതമാനം വീടുകൾക്കേ ശുദ്ധജലം ഉറപ്പാക്കാനായുള്ളൂ

പുതിയ നിർദേശങ്ങൾ

 ബണ്ട് അടയ്ക്കുമ്പോൾ കായൽ മത്സ്യങ്ങളുടെ പ്രത്യുത്പാദന ദേശാടനത്തിനായി ഫിഷ് പാസ്‌വേ നിർമിക്കണം
 കടലിലേയ്ക്കുള്ള ഒഴുക്ക് നിലനിറുത്താൻ ബണ്ടിന്റെ തെക്ക് വേനലിൽ കൂടുതൽ ശുദ്ധജലം എത്തിക്കണം
 കായലിലെ ഓരിന്റെ സാന്ദ്രത നിയന്ത്രിക്കാൻ പുഞ്ചക്കൃഷിയുടെ അവസാന ഘട്ടത്തിൽ മൂവാറ്റുപുഴയാറ്റിലെ അധികജലത്തിൽ ഒരു ഭാഗം വടയാർ കനാലിലൂടെ ബണ്ടിന്റെ തെക്ക് എത്തിച്ച് കൊച്ചി കായലിലേയ്ക്ക് ഒഴുക്ക് വർദ്ധിപ്പിക്കണം

ബണ്ട് തുറന്നി‌‌ടുമ്പോൾ ഗാർഹിക ആവശ്യത്തിനുള്ള ശുദ്ധജല ലഭ്യതക്കായി മഴവെള്ള സംഭരണ പദ്ധതികൾ വേണം.
 ബണ്ട് അടയ്ക്കൽ സമയം പരമാവധി കുറയ്ക്കാനായി രണ്ടു കൃഷി ചെയ്യുന്ന ലോവർ കുട്ടനാട്ടിലും ഉത്തര കുട്ടനാട്ടിലും കായൽ നിലങ്ങളിലും പുഞ്ചക്കൃഷി ഒക്ടോബറിൽ തുടങ്ങണം.
 രണ്ടു കൃഷിയുള്ളിടത്ത് ഒരു വിളയ്ക്ക് ഹ്രസ്വകാല മൂപ്പുള്ള ഇനങ്ങൾ പ്രോത്സാഹിപ്പിക്കണം.

പുഞ്ചക്കൃഷിയുടെ അവസാന ഘട്ടത്തിൽ ഓരുസാന്ദ്രത നിയന്ത്രിക്കാൻ ഇത്തിപ്പുഴയാറ്റിൽനിന്ന് ശുദ്ധജലം ബണ്ടിന് തെക്ക് എത്തിക്കണം.