വൈക്കം: മഹാദേവ ക്ഷേത്രത്തിലെയും ഉദയനാപുരം ശ്രീസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലേയും ഈ വർഷത്തെ ഉത്സവ ചടങ്ങുകളുടെ മുഹൂർത്തചാർത്ത് പ്രസിദ്ധപ്പെടുത്തി. നവംബർ 27ന് രാവിലെ 6.30നും 7.40നും ഇടയിലുള്ള മുഹൂർത്തത്തിലാണ് വൈക്കം ക്ഷേത്രത്തിലെ കൊടിയേറ്റ്. ഡിസംബർ 8നാണ് പ്രസിദ്ധമായ വൈക്കത്തഷ്ടമി. 9ന് നടക്കുന്ന ആറാട്ടോടെ ഉത്സവം സമാപിക്കും ഉത്സവങ്ങളുടെ മുന്നോടിയായി നടക്കുന്ന സന്ധ്യവേല ഒക്ടോബർ 22ന് ആരംഭിക്കും. പുള്ളി സന്ധ്യ വേല 22,24,26,28 തീയതികളിലും മുഖസന്ധ്യ വേല 30 മുതൽ നവംബർ 2 വരെ തുടർച്ചയായി നാലു ദിവസങ്ങളിലായും നടക്കും. പുള്ളി സന്ധ്യവേലയുടെ കോപ്പു തൂക്കൽ ഒക്ടോബർ 19നും മുഖസന്ധ്യ വേലയുടെ കോപ്പു തൂക്കൽ 29നും ക്ഷേത്രകലവറയിൽ നടക്കും.
വൈക്കത്തഷ്ടമിയുടെ കോപ്പുതൂക്കൽ നവംബർ 26 നാണ്. പ്രധാന ചടങ്ങുകളായ ഉത്സവബലി ദർശനം ഡിസംബർ 1, 2, 4, 7. തിയതികളിലും ഋഷഭ വാഹന എഴുന്നളളിപ്പ് ഡിസംബർ 3നുമാണ്. വലിയ ശ്രീബലി വലിയ വിളക്ക് എന്നിവ പത്താം ഉത്സവ ദിനമായ ഡിസംബർ 6നും നടക്കും.
ഉദയനാപുരം സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ നവംബർ 21ന് രാവിലെ 7.15നും 8നും ഇടയിലാണ് കൊടികയറുക. തൃക്കാർത്തിക ദർശനം 29നാണ്. 30ന് നടക്കുന്ന ആറാട്ടോടെ ഉത്സവം സമാപിക്കുംതിരുവിതാംകൂർ രാജകുടംബം നടത്തിവന്നിരുന്ന കല്പിച്ച് കലശം എന്ന നാമത്തിൽ അറിയപ്പെടുന്ന മാർഗഴി കലശം ജനുവരി 2 മുതൽ 11 വരെ വൈക്കം ക്ഷേത്രത്തിൽ നടക്കും. 12 ന് രുദ്റപൂജയും 13 ന് ഉദയനാപുരം ക്ഷേത്രത്തിൽ ഉദയാസ്തമന പൂജയും ഉണ്ടാവും. കൊവിഡ് നിയന്ത്റണങ്ങൾ പാലിച്ചാണ് ചടങ്ങുകൾ നടക്കുക. ഉത്സവങ്ങളിൽ ഭക്തജന പങ്കാളിത്തം ഒഴിവാക്കിയുള്ള ചടങ്ങുകളാവും ഉണ്ടാവുക.