പൊൻകുന്നം:വാഴൂർ കാഞ്ഞിരപ്പള്ളി ബ്ലോക്കുകളിൽ ഉൾപ്പെട്ട വിവിധ പഞ്ചായത്തുകളിലെ തകർന്ന റോഡുകൾ നവീകരിക്കാൻ കഴിയാതെ അധികൃതർ. പണി ഏറ്റെടുക്കാൻ കരാറുകാർ തയാറാകാത്തതാണ് കാരണം.കൃത്യസമയത്ത് അറ്റകുറ്റപ്പണികൾ ചെയ്യാതിരുന്നത് മൂലം റോഡുകൾ പൂർണ്ണമായും തകർന്ന നിലയിലാണ്.ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിനു മുമ്പ് ഗ്രാമീണറോഡുകൾ നവീകരിച്ച് മെച്ചപ്പെട്ട പ്രതിച്ഛായയോടെ തിരഞ്ഞെടുപ്പിനെ നേരിടാനായിരുന്നു ഭരണം നടത്തുന്ന കക്ഷികളുടെ തീരുമാനം.
ബില്ല് മാറാനുള്ള കാലതാമസവും മറ്റും പറഞ്ഞ് പ്രതിഷേധത്തിലായിരുന്ന കരാറുകാരെ അനുനയിപ്പിക്കാനുള്ള ശ്രമം നടക്കുകയായിരുന്നു.അതിനിടെയാണ് കൊവിഡ് മഹാമാരിയുടെ അപ്രതീക്ഷിത കടന്നുവരവ്.അതോടെ പ്രതിസന്ധി രൂക്ഷമായി.ലോക്ക്ഡൗൺ കാലത്ത് നിലച്ചുപോയ യന്ത്രങ്ങൾ ചലിച്ചുതുടങ്ങണമെങ്കിൽ കടമ്പകളേറെ കടക്കണമെന്നാണ് കരാറുകാർ പറയുന്നത്.പണിയെടുക്കാൻ തൊഴിലാളികളില്ലാത്തതാണ് മുഖ്യപ്രശ്‌നം.
മറുനാടൻതൊഴിലാളികളൊക്കെ അവരവരുടെ നാടുകളിലേക്ക് പോയി.കരാറുകാർക്കൊപ്പം പണിയെടുത്തിരുന്ന പലരും തിരിച്ചുവരാൻ താല്പര്യപ്പെടുന്നില്ല.മലയാളികളാരും ഈ പണിക്ക് തയാറുമല്ല.ടാറിംഗ് ജോലികൾക്ക് വിദഗ്ദ്ധ തൊഴിലാളികളെയാണ് ആവശ്യം.സാധനസാമഗ്രികളുടെ ലഭ്യതക്കുറവും വിലക്കയറ്റവുമാണ് മറ്റൊരു പ്രശ്‌നം.ഇത്തരം പ്രതിസന്ധികൾക്ക് നടുവിലായതിനാൽ പുതിയ പദ്ധതികളുടെ ടെൻഡർ എടുക്കാൻ കരാറുകാർ തയാറാകുന്നില്ല. ക്വാറി ഉല്പന്നങ്ങളുടെ ക്ഷാമം വിലക്കയറ്റം എന്നിവ ഏറ്റെടുക്കുന്ന നിർമ്മാണപ്രവർത്തനങ്ങളെ ബാധിക്കും.നിശ്ചിതസമയത്തിനുള്ളിൽ പണി തീരാതെ വരും.എങ്ങനെയെങ്കിലും പണി പൂർത്തിയാക്കിയാൽ തന്നെ ബില്ല് മാറുന്നതിലുണ്ടാകുന്ന കാലതാമസം നഷ്ടം ഇരട്ടിയാക്കുമെന്നാണ് കരാറുകാർ പറയുന്നത്.
എങ്ങനെ വോട്ട് തേടും
ഗ്രാമീണറോഡുകളിൽ ഏറെയും തകർന്ന നിലയിലാണ്. തിരഞ്ഞെടുപ്പിനു മുമ്പ് ഇവയൊന്നും നന്നാക്കാൻ കഴിയുകയുമില്ല. ഇതാണ് രാഷ്ട്രീയകക്ഷികളെ അലട്ടുന്ന പ്രശ്‌നം.അടിസ്ഥാനസൗകര്യങ്ങളിൽ ഏറ്റവും പ്രധാനം വഴിതന്നെയാണ്. അതില്ലാതെ എങ്ങനെ വോട്ട്‌തേടി ചെല്ലും.ജനങ്ങളെ കാര്യങ്ങൾ പറഞ്ഞുമനസിലാക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ഓരോ പഞ്ചായത്തിലേയും ഭരണകക്ഷികൾ. ഇതിനിടെ കരാറുകാർ മാറിനിന്നപ്പോൾ വാഴൂർ ബ്ലോക്കിലെ ടാറിംഗ്‌ജോലികൾ പാലക്കാട്ടുനിന്നുള്ള ഒരു കൺസ്ട്രക്ഷൻ കമ്പനി ഏറ്റെടുത്തിരിക്കുകയാണ്.ചിറക്കടവ് പഞ്ചായത്തിലെ ചില റോഡുകളുടെ പണിയാണ് ഇവർ ഏറ്റെടുത്തത്.