covid

വീടുകളിൽ 2000 പേർ ചികിത്സയിൽ

കോട്ടയം : കൊവിഡ് വ്യാപനം ശക്തമായാൽ പാർപ്പിക്കാൻ കോട്ടയത്ത് 2500 ലേറെ കിടക്കകൾ ഒരുക്കി ജില്ലാ ഭരണകൂടം. വിവിധ പഞ്ചായത്തുകളുടെ സഹകരണത്തോടെ ഓഡിറ്റോറിയങ്ങളും മറ്റുമാണ് ആശുപത്രി സൗകര്യമുള്ള കൊവിഡ് കേന്ദ്രങ്ങളാക്കി മാറ്റിയിട്ടുള്ളത്. നിലവിൽ ജില്ലയിലെ വിവിധ ആശുപത്രികളിലും സെന്ററുകളിലുമായി 3000 ൽ താഴെ പോസിറ്റീവ് രോഗികളെ പാർപ്പിച്ചിട്ടുണ്ട്. വീടുകളിൽ മാത്രം 2000 ന് മുകളിൽ രോഗികളുണ്ട്. ഇതിന് പുറമേയാണ് അധിക സൗകര്യമായി 2500 കിടക്കകൾ ഒരുക്കിയിട്ടുള്ളത്. .

വീടുകളിൽ കഴിയുന്നവർക്ക് ഭക്ഷണമെത്തിക്കുന്നില്ല

രോഗികളുടെ എണ്ണം കൂടിയതോടെ വീടുകളിൽ കഴിയുന്നവർക്ക് ഭക്ഷണം നൽകാൻ ആരും തയ്യാറാകുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്. ആരോഗ്യ പ്രശ്നങ്ങളുള്ളവർക്ക് സ്വയം ഭക്ഷണം തയ്യാറാക്കാൻ ബുദ്ധിമുട്ടാണ്. ഭയം കാരണം അയൽവാസികളും ഭക്ഷണമെത്തിക്കില്ല. കൊവി‌ഡിന്റെ ആദ്യഘട്ടങ്ങളിൽ സന്നദ്ധസംഘടനകളും രാഷ്ട്രീയ പാർട്ടികളും മത്സരിച്ച് വീടുകളിൽ ഭക്ഷ്യസാധനങ്ങൾ എത്തിച്ചിരുന്നു. സാമൂഹ്യഅടുക്കളകളുടെയും പ്രവർത്തനം മാസങ്ങളായി നിലച്ചു.

താത്പര്യം വീടുകളിൽ കഴിയാൻ

മറ്റ് അസുഖങ്ങളും, നേരിയ രോഗലക്ഷണങ്ങളുമുള്ളവരെയാണ് വീടുകളിൽ കഴിയാൻ അനുവദിക്കുന്നത്.

ഒപ്പം ബാത്ത് അറ്റാച്ചഡ് മുറിയും നിർബന്ധമാണ്. കൊവിഡ് സെന്ററുകളിൽ പോകാതെ സൗകര്യം കുറവാണെങ്കിലും വീടുകളിൽ താമസിക്കാനാണ് പലരും താത്പര്യം കാട്ടുന്നത്. ഇത് രോഗവ്യാപന സാദ്ധ്യത കൂട്ടുമെന്ന പരാതിയുമായി അയൽവാസികളും സംഘടിക്കുന്നത് പലയിടത്തും ക്രമസമാധാന പ്രശ്നമാകുന്നു. ഇത്തരം പരാതികളിൽ ക്വാറന്റൈനിൽ കഴിയുന്നവർ വീടിന് പുറത്തിറങ്ങുന്നതിന്റെ തെളിവിനായി ഫോട്ടോയെടുത്ത് നൽകാൻ പൊലീസ് നിർദ്ദേശിച്ചിരിക്കുകയാണ്. ഇത്തരക്കാർക്കെതിരെ ക്വാറന്റൈൻ ലംഘനത്തിനും കേസെടുക്കും.

കൂടുതൽ നിരക്ക് ഈടാക്കിയാൽ നടപടി : ഡി.എം.ഒ

കൊവിഡ് രോഗികളെ കിടത്തി ചികിത്സിക്കുന്ന സ്വകാര്യ ആശുപത്രികളുടെ ഗ്രേഡനുസരിച്ച് ചികിത്സാനിരക്ക് സംസ്ഥാന തലത്തിൽ നിശ്ചയിക്കാത്തതിനാൽ ഇടപെടാൻ ബുദ്ധിമുട്ടാണെന്ന് ഡി.എം.ഒ ഡോ.ജേക്കബ് വർഗീസ് പറഞ്ഞു. എന്നാൽ ആന്റിജൻ ടെസ്റ്റിന് 600 രൂപയും,​ ആർ.ടി.പി.സി.ആർ പരിശോധനയ്ക്ക് 2750 രൂപയും നിരക്ക് നിശ്ചയിട്ടുണ്ട്. അംഗീകൃത സ്വകാര്യ ലാബുകളും മറ്റും ഈ നിരക്കേ ഈടാക്കുന്നുള്ളൂ. കൂടുതൽ ഈടാക്കുന്നുവെന്ന പരാതി ലഭിച്ചാൽ നടപടി ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.