പാലാ: എതിരാളികളെ കബിളിപ്പിച്ച് പന്തിനെ തന്റെ മാന്ത്രികവടിയിലേക്കാവാഹിച്ച് മുന്നോട്ടുകുതിക്കുമ്പോൾ ഹൈദ്രാബാദിലെ ഗച്ചിബൗളി സ്‌റ്റേഡിയത്തിൽ തിങ്ങിനിറഞ്ഞ ഹോക്കി പ്രേമികൾ ഉയർത്തിയ ആരവം ഇന്നും നിധീഷ് കരുണാകരന്റെ മനസിലുണ്ട്. ഹോക്കിയിൽ ഇന്ത്യയ്ക്കും കേരളത്തിനും വേണ്ടി കളംനിറഞ്ഞു കളിച്ച ഈ മുൻനിര പോരാളിക്ക് പക്ഷേ ജീവിതത്തിൽ ഇതുവരെ ഗോളടിക്കാനായില്ല. ഉപജീവനത്തിനായി പാലായ്ക്കടുത്ത് വലവൂർ വേരനാൽ ജംഗ്ഷനിലെ ഓട്ടോസ്റ്റാൻഡിൽ ഓട്ടോ ഓടിക്കുകയാണ് ഈ മുൻ ഇന്ത്യൻ താരം!

വലവൂർ ഒഴുകയിൽ നിധീഷ് കരുണാകരനേയും 'കൊച്ചൂസ് ' ഓട്ടോറിക്ഷയേയും നാട്ടിൽ എല്ലാവർക്കുമറിയാം. ഒരിക്കൽ ഇന്ത്യൻ ടീമിലെ ഹോക്കി താരവും കേരളത്തിന്റെ ഹോക്കി കോച്ചും സെലക്ടറുമൊക്കെയായിരുന്നു ഈ ഓട്ടോക്കാരനെന്ന് അറിയുന്നവർ ചുരുക്കം.

ഇടനാട് ഗവ.എൽ.പി.സ്‌കൂളിൽ നിന്ന് തുടങ്ങിയ ലോംഗ്ജംപിലൂടെ കായിക വേദിയിലെത്തിയ നിധീഷിന് 8 മുതൽ ജി.വി. രാജാ സ്‌കൂളിൽ പ്രവേശനം കിട്ടിയത് വഴിത്തിരിവായി. കോച്ച് രവിയാണ് അത്ലറ്റിക്‌സിൽ നിന്നും ഹോക്കിയിലേക്ക് വഴി തിരിച്ചുവിട്ടത്.
ആ വർഷം സംസ്ഥാന ജൂനിയർ ടീമിൽ അംഗമായി. കേരള ജൂനിയർ ടീമിന്റേയും സീനിയർ ടീമിന്റെയും ക്യാപ്റ്റനായി. പൂനെയിലെ പ്രകടനം കണ്ട് എയർഇന്ത്യ നാഷണൽ ഹോക്കി അക്കാദമി കോച്ച് റുമേഷ് പട്ടാനിയാ നിധീഷിനെ എയർഇന്ത്യ ടീമിലെടുത്തു. ഒപ്പം ജാമിയാ മിലിയാ ഇസ്ലാമിക് യൂണിവേഴ്‌സിറ്റിയിൽ ബിരുദ പഠനവും. ഇതിനിടയിൽ ഇന്ത്യാ ഫ്രാൻസ് ടെസ്റ്റ് മാച്ച് കളി. പക്ഷേ ദൗർഭാഗ്യം നിധീഷിന്റെ ജീവിതത്തിൽ ഗോളടിച്ചു. ഉറ്റ സുഹൃത്തിന്റെ മരണത്തോടെ നാട്ടിലേക്ക് മടക്കം. തുടർന്ന് കൊല്ലം സായ് യിൽ ചേർന്നു, പഠനം കൊല്ലം ഫാത്തിമാ കോളജിൽ. സീനിയർ നാഷണൽസിൽ കേരളാ യൂണിവേഴ്‌സിറ്റി ക്യാപ്റ്റനായി. പഠനം പൂർത്തിയാക്കിയെങ്കിലും തൊഴിലൊന്നും കിട്ടിയില്ല. 2015ലും 17ലും കേരള ജൂനിയർ ടീം കോച്ചും സെലക്ടറുമായിരുന്നു.

ഇന്ത്യൻ ടീമിൽ ഇടം കിട്ടാത്തവർക്ക് പോലും സ്‌പോർട്‌സ് ക്വാട്ടയിൽ ജോലി ലഭിച്ചപ്പോഴും നിധീഷ് പരാതിയും പരിഭവവും പറഞ്ഞില്ല. സ്വകാര്യ സ്‌കൂളുകളിൽ തുച്ഛമായ വേതനത്തിൽ കായികാദ്ധ്യാപകനായി. രാത്രി പാലാ ടൗണിൽ ഓട്ടോ ഓടിച്ചു. ഇതിനിടെ പി.എസ്.സിയുടെ കായികാദ്ധ്യാപക പരീക്ഷയെഴുതി, സപ്ലിമെന്ററി ലിസ്റ്റിൽ വിശ്വകർമ്മ സംവരണ വിഭാഗത്തിൽ പേര് വന്നിട്ട് ഒന്നരക്കൊല്ലം കഴിഞ്ഞു, ഇനി ഇതു കിട്ടുമോ എന്നുപോലും നിധീഷിനുറപ്പില്ല.

'നീ നിരാശപ്പെടേണ്ട, അധികാരികളോട് നിന്റെ വിഷമസ്ഥിതി തുറന്നുപറയണം. സർക്കാർ സഹായിച്ചിരിക്കും ' അടുത്തകാലത്ത് നിധീഷിന്റെ വലവൂരിലെ വീട്ടിലെത്തിയ ഉറ്റ സുഹൃത്തുകൂടിയായ ഇന്ത്യൻ ഹോക്കി ടീം മുൻ ക്യാപ്ടൻ ഒളിമ്പ്യൻ പി.ആർ. ശ്രീജേഷിന്റെ വാക്കുകളിൽ പ്രതീക്ഷയർപ്പിച്ച് കാത്തിരിക്കുകയാണ് ഈ 36 കാരൻ .ഇന്നല്ലെങ്കിൽ നാളെ മകൻ ജീവിതത്തിൽ ഗോളടിച്ചു വിജയിക്കുമെന്ന് മാതാപിതാക്കളായ കരുണാകരനും പുഷ്പവല്ലിയും ഉറച്ചുവിശ്വസിക്കുന്നു.
ഭാര്യ ആര്യയും മക്കളായ അഭിരതും, ആവണിയും ആശ്വാസവാക്കുകളുമായി കൂട്ടായുണ്ട്.