
കോട്ടയം: കേരള കോൺഗ്രസ് ജന്മദിനമായ ഒക്ടോബർ 9ന് ജോസ് വിഭാഗം വെർച്വൽ സ്റ്റിയറിംഗ് കമ്മിറ്റി കോട്ടയത്തു ചേരും. ഇടതു മുന്നണി പ്രവേശനവുമായി ബന്ധപ്പെട്ട പ്രഖ്യാപനം ഉണ്ടാവില്ലെങ്കിലും, വിശദ ചർച്ച നടക്കുമെന്നാണ് ഉന്നത നേതാക്കൾ അറിയിച്ചത്.
ചിഹ്നം സംബന്ധിച്ച കേസ് ഹൈക്കോടതി നാളെ വീണ്ടും പരിഗണിക്കും. സ്റ്റേ നീക്കിയാൽ ജോസ് വിഭാഗത്തിന് അനുകൂലമായ തിരഞ്ഞെടുപ്പ് കമ്മിഷൻ വിധി അംഗീകരിക്കലാവും. അതോടെ, വിപ്പ് ലംഘനത്തിന് സ്പീക്കർക്ക് നൽകിയ പരാതിയിൽ പി.ജെ.ജോസഫിനും മോൻസ് ജോസഫിനുമെതിരെ നടപടിയെടുപ്പിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് നേതൃത്വം.
പഞ്ചായത്ത് തിരഞ്ഞെടുപ്പിന് മുമ്പ് മുന്നണി പ്രവേശനമുണ്ടാകുമെന്ന് ജോസ് കെ. മാണി പറഞ്ഞിരുന്നു. ഇടതു മുന്നണി പ്രവേശനത്തോട് ചില ഉന്നത നേതാക്കൾക്കും അണികൾക്കുമിടയിൽ ആശയക്കുഴപ്പമുണ്ട്. ഇനി യു.ഡി.എഫിലേക്ക് തിരിച്ചു പോക്ക് അസാദ്ധ്യമാണ്. ഇടതു മുന്നണി പ്രവേശനമല്ലാതെ മറ്റൊരു മാർഗം നേതൃത്വത്തിന് മുന്നിലില്ല.
തദ്ദേശ തിരഞ്ഞെടുപ്പ് നീട്ടിവച്ചതോടെ, മുന്നണി പ്രവേശനവും നീളുമെന്ന് കേരള കോൺഗ്രസ് എം. ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ് പറഞ്ഞു. കോൺഗ്രസ് ചവിട്ടി പുറത്താക്കിയതിൽ രോഷമുള്ള അണികൾക്ക് ഇടതുമുന്നണി പ്രവേശനത്തോട് ഒരെതിർപ്പുമില്ല. മദ്ധ്യ കേരളത്തിൽ കോൺഗ്രസിനാവും തങ്ങളുടെ ഇടതു ഐക്യം വലിയ ക്ഷീണമാവുകയെന്നും അദ്ദേഹം പറഞ്ഞു.