കട്ടപ്പന: പ്രളയ ദുരിതാശ്വാസ ഫണ്ട് തിരിച്ചടപ്പിക്കുന്നതിനൊപ്പം തട്ടിപ്പ് നടത്തിയ കൊന്നത്തടി പഞ്ചായത്ത് അംഗങ്ങൾ ഉൾപ്പെടെയുള്ള യു.ഡി.എഫ് നേതാക്കൾക്കെതിരെ കേസെടുക്കണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു. ഇവർക്കെതിരെ സർക്കാർ മൃദുസമീപനമാണ് സ്വീകരിച്ചത്. ദുരിതാശ്വാസ ഫണ്ട് കൈപ്പറ്റിയ എൽ.ഡി.എഫ് നേതാക്കൾക്കെതിരെ ബി.ജെ.പി പരാതി നൽകിയിരുന്നു. മുതിരപ്പുഴ, മുക്കുടം വാർഡുകളിലെ എൽ.ഡി.എഫ് അംഗങ്ങളും സി.ഡി.എസ് ചെയർപേഴ്‌സൺ അടക്കമുള്ളവരുമാണ് ഫണ്ട് കൈപ്പറ്റിയത്. എന്നാൽ ഭരണസ്വാധീനം ഉപയോഗിച്ച് ഇവരെ ഒഴിവാക്കിയതായി നേതാക്കളായ രതീഷ് വരകുമല, പി.ആർ. ബിനു, ഇ.എഫ്. നോബി, രവി കൺട്രമറ്റം എന്നിവർ ആരോപിച്ചു. ജോസ് കെ. മാണി ഗ്രൂപ്പിന്റെ എൽ.ഡി.എഫ് പ്രവേശനം ഉറപ്പായതോടെ ഇതേ വിഭാഗത്തിൽപെട്ട ആരോപണ വിധേയനായ നേതാവിനെതിരെയും മൗനം പാലിക്കുകയാണ്. തട്ടിപ്പ് നടത്തിയവരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ബി.ജെ.പി കൊന്നത്തടി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ആഫീസ് പടിക്കലും ആരോപണ വിധേയരായവരുടെ വീടിനുമുമ്പിലും 10ന് രാവിലെ 11 മുതൽ സത്യഗ്രഹം നടത്തും. ഇടുക്കി നിയോജകമണ്ഡലം പ്രസിഡന്റ് രതീഷ് വരകുമല, ദേശീയ സമിതിയംഗം ശ്രീനഗരി രാജൻ, ജില്ലാ ട്രഷറർ ടി.എം. സരേഷ്, നേതാക്കളായ കെ.എൻ. ഷാജി, കെ.എൻ. പ്രകാശ്, രമ്യ രവീന്ദ്രൻ, സനിൽ സഹദേവൻ എന്നിവർ ഉദ്ഘാടനം ചെയ്യും.