 
കട്ടപ്പന: ടാറ്റാ സുമോയിൽ കടത്താൻ ശ്രമിച്ച 5.8 കിലോഗ്രാം കഞ്ചാവുമായി രണ്ടുപേരെ വണ്ടൻമേട് പൊലീസ് അറസ്റ്റ് ചെയ്തു. വണ്ടൻമേട് മേൽമാലി പുല്ലുമേട് കോളനിയിലെ രാജ (50), പാണ്ടി (29) എന്നിവരാണ് തിങ്കളാഴ്ച രാത്രി പിടിയിലായത്. വാഹനവും പിടിച്ചെടുത്തു. രഹസ്യ വിവരത്തെ തുടർന്ന് ജില്ലാ പൊലീസ് മേധാവിയുടെ സ്‌പെഷ്യൽ സ്‌ക്വാഡിന്റെ സഹകരണത്തോടെയായിരുന്നു പരിശോധന. പിടിയിലായ രാജ വർഷങ്ങളായി കഞ്ചാവ് വിൽപന നടത്തുന്നയാളാണെന്നു പൊലീസ് പറഞ്ഞു. ഇരുവരെയും കട്ടപ്പന കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. വണ്ടൻമേട് സി.ഐ വി.എസ്. നവാസ്, എസ്.ഐ. ജയ്‌സ് സി. ജേക്കബ്, എ.എസ്.ഐ മഹേഷ് പി.വി, എസ്.സി.പി.ഒ അബ്ദുൾ സലാം, വി.എം. ജോസഫ്, ഷിബു പി.എസ്, കെ.ടി. സന്തോഷ്, സി.പി.ഒ കെ.പി. ബിനീഷ് എന്നിവരാണ് പരിശോധന നടത്തിയത്.