
കോട്ടയം : കൊവിഡ് വ്യാപനം വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ അതീവ ജാഗ്രതയോടെയുള്ള പ്രതിരോധ ഇടപെടൽ അനിവാര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തി കടപ്ലാമറ്റം, വെള്ളൂർ, തൃക്കൊടിത്താനം, തോട്ടയ്ക്കാട് എന്നിവിടങ്ങളിൽ സജ്ജമാക്കിയ കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ ഉദ്ഘാടനം വീഡിയോ കോൺഫറൻസിലൂടെ നിർവഹിക്കുകയായിരുന്നു അദ്ദേഹം. ആദ്യഘട്ടങ്ങളിൽ കൊവിഡിനെ ഫലപ്രദമായി പ്രതിരോധിക്കാൻ സംസ്ഥാനത്തിന് സാധിച്ചു. പീന്നീട് ജാഗ്രതയിൽ കുറവുണ്ടായി. ജാഗ്രത അനിവാര്യമാണെന്നും മുൻകരുതൽ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണമെന്നുമുള്ള തിരിച്ചറിവോടെ പ്രവർത്തിക്കുന്നത് പ്രതിരോധം ശക്തമാക്കാൻ സഹായിക്കും. രോഗികളുടെ എണ്ണം കൂടുന്നതനുസരിച്ച് മരണനിരക്കും വർദ്ധിച്ചേക്കാം. അത് സംഭവിക്കാതിരിക്കുന്നതിനുള്ള ഇടപെടലാണ് സർക്കാർ ഇപ്പോൾ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രി കെ.കെ.ശൈലജ അദ്ധ്യക്ഷത വഹിച്ചു. വെള്ളൂർ എഫ്.എച്ച്.സിയിൽ സി.കെ. ആശ എം.എൽ.എ ശിലാഫലകം അനാച്ഛാദനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലൈലാ ജമാൽ അദ്ധ്യക്ഷത വഹിച്ചു. തൃക്കൊടിത്താനം എഫ്.എച്ച്.സിയിൽ നടന്ന യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ ഉദ്ഘാടനം ചെയ്തു. മാടപ്പള്ളി ബ്ലോക്ക് പ്രസിഡന്റ് രാഖി കലേഷ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ. രാജു തുടങ്ങിയവർ പങ്കെടുത്തു. തോട്ടക്കാട്ട് എഫ്.എച്ച്.സിയിൽ പള്ളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.ടി. ശശീന്ദ്രനാഥ്, പുതുപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിബു ജോൺ തുടങ്ങിയവർ പങ്കെടുത്തു. കടപ്ലാമറ്റം എഫ്.എച്ച്.സിയിൽ നടന്ന ചടങ്ങിൽ അഡ്വ. മോൻസ് ജോസഫ് എം.എൽ.എ ശിലാഫലകം അനാച്ഛാദനം ചെയ്തു. ജോസ്.കെ.മാണി എം.പി മുഖ്യപ്രഭാഷണം നടത്തി. ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നിർമ്മലാ ദിവാകരൻ, കടപ്ലാമറ്റം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലിസി തോമസ്, ജില്ലാ പഞ്ചായത്ത് ആരോഗ്യ - വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷൻ സഖറിയാസ് കുതിരവേലി എന്നിവർ പങ്കെടുത്തു.