അടിമാലി: ഹോംസ്റ്റേ കേന്ദ്രീകരിച്ച് അനാശാസ്യം നടത്തിയ മൂന്ന് പേരെ അടിമാലി പൊലീസ് അറസ്റ്റ് ചെയ്തു. ഹോംസ്റ്റേ നടത്തിപ്പുകാരനായ കുഞ്ഞൻ എന്ന് വിളിക്കുന്ന കുത്തുപാറ സ്വദേശി പാറക്കൽ സിജോ ജെയിംസ് (30), ഇടപാടുകാരായ മൂവാറ്റുപുഴ ആരക്കുഴ സ്വദേശി വള്ളോംതടത്തിൽ അഖിൽ (28), തട്ടേക്കണ്ണി കഞ്ഞിക്കുഴി സ്വദേശി പെരിയകോട്ടിൽ ജോമി (25) എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. ഹോംസ്റ്റേ നടത്തിപ്പുകാരന്റെ സഹായി ഓടി രക്ഷപ്പെട്ടതായി പൊലീസ് അറിയിച്ചു. അടിമാലി കൂമ്പൻപാറയ്ക്ക് സമീപം പ്രവർത്തിച്ചു വന്നിരുന്ന ഹോംസ്റ്റേയിലായിരുന്നു അനാശാസ്യം നടക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് പരിശോധന നടത്തിയത്. കേന്ദ്രത്തിൽ അനാശാസ്യം നടക്കുന്നുവെന്ന് ബോധ്യപ്പെട്ടതിനെ തുടർന്ന് മൂന്ന് പേരെയും പൊലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. സ്ത്രീകളെ എത്തിച്ച് ആവശ്യക്കാരായ ഇടപാടുകാർക്ക് നൽകിയാണ് കേന്ദ്രത്തിന്റെ പ്രവർത്തനം നടന്നു വന്നിരുന്നതെന്നാണ് പൊലീസ് നൽകുന്ന സൂചന. പരിശോധനാ സമയത്ത് കേന്ദ്രത്തിൽ നാല് സ്ത്രീകൾ ഉണ്ടായിരുന്നതായും തുടർനടപടികൾ സ്വീകരിച്ച് ഇവരെ വിട്ടയച്ചതായും പൊലീസ് അറിയിച്ചു. വാടകയ്ക്കെടുത്ത കെട്ടിടത്തിലായിരുന്നു ഹോംസ്റ്റേ പ്രവർത്തിച്ചു വന്നിരുന്നത്. കേന്ദ്രത്തിൽ നിന്ന് ഓട്ടോറിക്ഷയുൾപ്പെടെയുള്ള വാഹനങ്ങളും മൊബൈൽഫോണുകളും പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇടപാടുകാരും നടത്തിപ്പുകാരനും തമ്മിൽ പണമിടപാട് നടത്തിയിരുന്നത് കൂടുതലായും ഓൺലൈൻ രീതിയിലായിരുന്നു. അടിമാലി സി.ഐ അനിൽ ജോർജ്ജിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പരശോധന നടത്തി പ്രതികളെ കസ്റ്റഡിയിൽ എടുത്തത്. സംഭവവുമായി ബന്ധപ്പെട്ട കൂടുതൽ അന്വേഷണം നടന്നു വരികയാണെന്ന് സി.ഐ പറഞ്ഞു.