ഗ്രീൻ ടൂറിസം പദ്ധതിയുടെ ഭാഗമായ ഗ്ലാസ് റൂഫ് കോംപ്ലക്‌സ് 'ലൗ റെ' മ്യൂസിയത്തിന്റെ മാതൃകയിൽ
പാലാ: ഈ മനോഹരമായ കാഴ്ച നിങ്ങൾക്ക് പാരീസിൽ കാണാം; ഗ്ലാസ്സു കൊണ്ട് പൊതിഞ്ഞ പ്രസിദ്ധമായ ലൗ റെ മ്യൂസിയത്തിൽ. പിന്നെ കാണണമെങ്കിൽ ഇങ്ങ് പാലായ്ക്ക് വരണം; ളാലം തോടും മീനച്ചിലാറും മുട്ടിയുരുമ്മുന്ന മുനമ്പിൽ !. സംസ്ഥാന സർക്കാരിന്റെ ഗ്രീൻ ടൂറിസം പദ്ധതിയുടെ ഭാഗമായി പാലായിൽ നടത്തിയിട്ടുള്ള ഗ്ലാസ് റൂഫ് കോംപ്ലക്‌സ് ഉൾപ്പെടെയുള്ള നിർമ്മിതി പാരീസിലെ 'ലൗ റെ' മ്യൂസിയത്തിന്റെ മാതൃകയിലാണ്. പദ്ധതിയുടെ ആദ്യഘട്ടം പൂർത്തിയാക്കി വൈകാതെ പദ്ധതി നാടിന് സമർപ്പിക്കുമെന്ന് ടൂറിസം വകുപ്പ് അധികൃതർ അറിയിച്ചു. ഗ്രീൻ ടൂറിസം സർക്യുട്ട് പദ്ധതിയുടെ പ്രവേശന കവാടമായ പാലാ നഗര ഹൃദയത്തിൽ മീനച്ചിൽ ആറിന്റെയും ളാലം തോടിന്റെയും സംഗമസ്ഥാനത്താണ് ലൗ റെ മ്യൂസിയം കോംപ്ലക്‌സ് പുന:സൃഷ്ടിച്ചിരിക്കുന്നത്.
അഞ്ചു കോടി രൂപയുടെ ഭരണാനുമതി ലഭിച്ച പദ്ധതിയുടെ പ്രവർത്തികൾ ഗ്രീൻ ടൂറിസം സർക്യുട്ടു സൊസൈറ്റിക്ക് വേണ്ടി നിർവഹിച്ചത് കിറ്റ്‌കോയാണ്.
പാലാ ലൗ റെ കോംപ്ലക്‌സിലെ പ്രധാന ആകർഷണം ഗ്ലാസ്സ് റൂഫോട് കൂടിയ ഭൂഗർഭ അറയാണ്. നടപ്പാലം, മിനി പാർക്ക്, ഓപ്പൺ കോൺഫറൻസ് ഏരിയാ, നദീ കാഴ്ച ഇരിപ്പിട സ്ഥലം തുടങ്ങിയവയാണ് പദ്ധതിയുടെ ഘടകങ്ങൾ.പ്രധാന നിർമ്മിതികളെല്ലാം തന്നെ പൂർത്തിയായിക്കഴിഞ്ഞു. ഗ്ലാസ് മൂടിയിട്ട കോംപ്ലക്‌സിലെ ഭൂഗർഭ അറയിൽ ലൈറ്റ് ആന്റ് സൗണ്ട് ഷോ ഏർപ്പെടുത്താനാണ് അധികാരികളുടെ ആലോചന. ലൈറ്റ് സൗണ്ട് ഷോയ്‌ക്കൊപ്പം കാണികൾക്ക് ചുവടുവെയ്ക്കാനുള്ള അവസരവുമൊരുക്കും.
പാലാ നഗര സൗന്ദര്യവൽക്കരണ പദ്ധതി കൂടി പൂർത്തിയാകുന്നതോടെ ടൂറിസം മാപ്പിലും പാലാ നഗരം ഇടം പിടിക്കും.
ഭൂഗർഭ അറ സവിശേഷത.
ലൈറ്റ് ആന്റ് സൗണ്ട് ഷോയും ഇന്ത്യൻ റോപ്പ് മ്യൂസിക്കും.