അടിമാലി: രണ്ടാനച്ഛന്റെ മർദ്ദനം സഹിക്കാനാവാതെ 16 കാരി വീടിന് സമീപത്തെ സ്‌കൂളിൽ അഭയം തേടി. തിങ്കളാഴ്ച രാത്രി ബൈസൺവാലിയിൽ സ്‌കൂളിന് സമീപമാണ് പെൺകുട്ടിയെ നാട്ടുകാർ കണ്ടെത്തിയത്. രാത്രി എട്ട് മണിയോടെ സംശയകരമായ സാഹചര്യത്തിൽ പെൺകുട്ടി തനിച്ച് നിൽക്കുന്നതാണ് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെടുന്നത്. ബൈസൺവാലിയിലെ ഏലത്തോട്ടത്തിൽ പണിയെടുക്കാൻ വേണ്ടി രണ്ടാനച്ഛൻ കൂട്ടികൊണ്ട് വന്നതാണെന്നും തന്നെ ക്രൂരമായി മർദ്ദിച്ചതിനെ തുടർന്ന് രക്ഷപ്പെട്ട് ഓടി സ്‌കൂളിൽ എത്തിയതാണെന്നും ആദിവാസി വിഭാഗത്തിൽപ്പെട്ട പെൺകുട്ടി നാട്ടുകാരോട് പറഞ്ഞു. മാതാവും രണ്ടാനച്ഛനും പണിയെടുക്കുന്ന ഏലത്തോട്ടത്തിൽ പണിയെടുക്കുന്നതിന് മാമലകണ്ടത്ത് നിന്ന് വിളിച്ചു കൊണ്ടുവന്നതാണെന്നും വരുന്ന വഴി ഓട്ടോറിക്ഷയിലും പിന്നീട് വീട്ടിലും വച്ച് രണ്ടാനച്ഛൻ മർദ്ദിച്ചതായും പെൺകുട്ടി പറഞ്ഞു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് രാജാക്കാട് പൊലീസ് എത്തി പെൺകുട്ടിയെ അടിമാലി താലൂക്ക് ആശുപത്രിയിലാക്കി. പെൺകുട്ടിയുടെ വിശദമായ മൊഴി എടുത്തതിനു ശേഷം മേൽ നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.