കട്ടപ്പന: ഒടുവിൽ കട്ടപ്പനയിലെ വ്യാപാരികളുടെ പ്രതിഷേധത്തിന് ഫലമുണ്ടായി, നഗരസഭയിലെ മാലിന്യ സംസ്‌കരണ പദ്ധതിയുടെ ഭാഗമായി തുറന്ന മാലിന്യ സംഭരണ കേന്ദ്രം മറ്റൊരിടത്തേയ്ക്ക് മാറ്റി. വ്യാപാരികളുടെ പ്രതിഷേധത്തെ തുടർന്ന് കട്ടപ്പന പൊലീസിന്റെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിലാണ് തീരുമാനം. തിങ്കളാഴ്ച പഴയ ബസ് സ്റ്റാൻഡിൽ തുറന്ന കേന്ദ്രത്തിൽ ആഫീസ് മാത്രം പ്രവർത്തിക്കും. ബസ് സ്റ്റാൻഡിൽ തന്നെ എതിർവശത്തുള്ള ആദ്യകാല ശൗചാലയ മന്ദിരത്തിന്റെ അടിവശത്തെ നിലയിൽ മാലിന്യം സംഭരിക്കും. ആവശ്യങ്ങൾ അംഗീകരിച്ചതോടെ വ്യാപാരികളുടെ അനിശ്ചിതകാല സമരം അവസാനിപ്പിച്ചു. എല്ലാ ദിവസവും രാവിലെ 10 മുതൽ ഉച്ചകഴിഞ്ഞ് മൂന്നുവരെ സംഭരിക്കുന്ന മാലിന്യം തരംതിരിച്ച് വൈകിട്ടോടെ സംസ്‌കരണ കേന്ദ്രത്തിലേക്കു മാറ്റാനും ചർച്ചയിൽ തീരുമാനമായി. പുതിയ ആഫീസ് രജിസ്‌ട്രേഷന് മാത്രമായി പ്രവർത്തിക്കും. ഇന്നലെ കട്ടപ്പന സി.ഐ വിശാൽ ജോൺസന്റെ സാന്നിദ്ധ്യത്തിൽ നടന്ന ചർച്ചയിൽ നഗരസഭാദ്ധ്യക്ഷൻ ജോയി വെട്ടിക്കുഴി, കൗൺസിലർമാരായ സി.കെ. മോഹനൻ, എം.സി. ബിജു, ടിജി എം.രാജു, സണ്ണി ചെറിയാൻ, വ്യാപാരികളായ രമണൻ പടന്നയിൽ, കെ.കെ. ജാഫർ എന്നിവർ പങ്കെടുത്തു. തിങ്കളാഴ്ച സംഭരണ കേന്ദ്രം ഉദ്ഘാടനം ചെയ്തതിനു പിന്നാലെ പ്രതിഷേധവുമായി വ്യാപാരികൾ രംഗത്തെത്തിയിരുന്നു. ഇവർക്ക് പിന്തുണയുമായി എൽ.ഡി.എഫ് കൗൺസിലർമാരും സ്ഥലത്തെത്തി. സംഭരണ കേന്ദ്രം തുറക്കുന്ന കാര്യം വാർഡ് കൗൺസിലറെ അറിയിക്കുകയോ നഗരസഭ കൗൺസിലിൽ ചർച്ച ചെയ്യുകയോ ഉണ്ടായില്ലെന്നായിരുന്നു ആക്ഷേപം. തുടർന്നാണ് വ്യാപാരികൾ റിലേ സമരം ആരംഭിച്ചത്.