തൊടുപുഴ: സമഗ്ര ശുചിത്വ പരിപാലന പ്രവർത്തനങ്ങളെ മുൻനിറുത്തിയുള്ള ഹരിതകേരളം പരീക്ഷയുടെ ആദ്യഘട്ടത്തിൽ പരാജയപ്പെട്ട നാല് പഞ്ചായത്തുകൾക്കും 'സേ' പരീക്ഷയിൽ വിജയം. മാങ്കുളം, കുടയത്തൂർ, മറയൂർ, കാന്തല്ലൂർ പഞ്ചായത്തുകളാണ് ശുചിത്വ പദവി സർട്ടിഫിക്കറ്റിന് അർഹത നേടിയത്. സർട്ടിഫിക്കറ്റ് നൽകുന്നതിന് ജില്ലാ കളക്ടർ രൂപീകരിച്ച അവലോകന സമിതിയുടെ രണ്ടാം വട്ട പരിശോധനയിൽ നിശ്ചിത മാനദണ്ഡങ്ങൾ പൂർത്തീകരിച്ചാണ് നാല് സ്ഥാപനങ്ങളും ശുചിത്വ പദവിയ്ക്ക് അർഹത നേടിയതെന്ന് ഹരിത കേരളം ജില്ലാ കോ- ഓർഡിനേറ്റർ ഡോ. ജി എസ് മധു അറിയിച്ചു. ശുചിത്വ പദവി നൽകുന്നതിനുള്ള ജില്ലയുടെ പ്രാഥമിക പട്ടികയിൽ 26 തദ്ദേശഭരണ സ്ഥാപനങ്ങളാണ് ഉണ്ടായിരുന്നത്. രണ്ട് നഗരസഭകളുൾപ്പടെ 22 തദ്ദേശഭരണ സ്ഥാപനങ്ങളാണ് നൂറിൽ 60 ശതമാനം മാർക്ക് നേടി ആദ്യ ഘട്ടത്തിൽ യോഗ്യത നേടിയത്. ബാക്കി നാല് പഞ്ചായത്തുകൾക്കും നിശ്ചിത മാനദണ്ഡങ്ങൾ പൂർത്തീകരിക്കുന്നതിന് അവസരമൊരുക്കാൻ ജില്ലാതല സമിതി കൂടുതൽ സമയം നൽകുകയായിരുന്നു. അതിനിടെ കുടയത്തൂരുൾപ്പെടെയുള്ള പഞ്ചായത്തുകളിൽ കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ആഫീസിലും ഫീൽഡിലും പരിശോധന നടത്തുന്നതിന് തടസം നേരിട്ടു. പിന്നീട് പരിശോധനകൾ പൂർത്തിയാക്കി ജില്ലാ കളക്ടർക്ക് റിപ്പോർട്ട് നൽകുകയായിരുന്നു. കഴിഞ്ഞ ദിവസം ചേർന്ന ജില്ലാ സമിതി യോഗം 26 തദ്ദേശഭരണ സ്ഥാപനങ്ങളുടെയും വിലയിരുത്തൽ റിപ്പോർട്ട് അംഗീകരിച്ചു. ഈ തദ്ദേശഭരണസ്ഥാപനങ്ങൾക്ക് മുഖ്യമന്ത്രി ഒപ്പിട്ട സർട്ടിഫിക്കറ്റുകൾ നൽകുന്നതിനായി സർക്കാരിന് ശുപാർശയും നൽകി.