
കോട്ടയം: മൂന്നു മാസം മുൻപാണ് കൃഷ്ണപ്പരുന്ത് പ്ളാച്ചേരി ഫോറസ്റ്റ് ഓഫീസിലെത്തിയത്. പല തവണ കാട്ടിൽ കൊണ്ടുവിട്ടിട്ടും തിരിച്ചെത്തി. സ്ഥിരം സന്ദർശകനാണിപ്പോൾ. 'അറ്റൻഡൻസ് രജിസ്റ്ററിൽ പേരില്ലെന്നേയുള്ളൂ, ഫോറസ്റ്റ് ഓഫീസിലെ അംഗം തന്നെയാണ്.' എന്നാണ് ഉദ്യോഗസ്ഥരുടെ കമന്റ്.
വാഴൂരിലെ ഒരു വീട്ടിലാണ് കൃഷ്ണപ്പരുന്തിനെ ആദ്യം കണ്ടത്. വീട്ടുകാർ അറിയിച്ചതിനെ തുടർന്ന് എരുമേലി റേഞ്ചിനു കീഴിലുള്ള പ്ളാച്ചേരി ഡെപ്യൂട്ടി റേഞ്ച് ഓഫീസിലെ ഡെപ്യൂട്ടി റേഞ്ച് ഓഫീസർ പി.വി.വെജിയും സംഘവും പരുന്തിനെ 'കസ്റ്റഡി'യിലെടുത്തു. ആനിമൽ റെസ്ക്യൂ സെന്ററിലെ വാച്ചർ അജേഷ് തീറ്റയും വെള്ളവും കൊടുത്ത് പരിപാലിച്ചു. പിറ്റേന്ന് പൊന്തൻപുഴ വനത്തിലാക്കി മടങ്ങി. രണ്ടു ദിവസം കഴിഞ്ഞപ്പോൾ ആശാൻ ഓഫീസിനരികിലെ മരച്ചില്ലയിലിരിക്കുന്നു. ആട്ടിയോടിച്ചിട്ടും പറന്നുപോകാതായപ്പോൾ അജേഷ് ഒരു അരണയെ പിടിച്ച് ഇട്ടുകൊടുത്തു. കറിവയ്ക്കാനായി വാങ്ങിവച്ചിരുന്ന മീനും നൽകി. അതുകഴിച്ച് ഉല്ലാസത്തോടെ അവൻ അവിടെത്തന്നെ പറ്റിക്കൂടി. ആനിമൽ റെസ്ക്യൂ സെന്ററിലെ താത്കാലിക കൂട്ടിലേക്കു മാറ്റിയ കൃഷ്ണപ്പരുന്തിനെ വീണ്ടും വനത്തിലാക്കിയെങ്കിലും ദിവസങ്ങൾക്കകം തിരികെയെത്തി. പത്തിലേറെ തവണ കാട്ടിൽ കൊണ്ടുവിട്ടിട്ടുണ്ട്. ഇപ്പോൾ എല്ലാവരുടെയും ഇഷ്ടചങ്ങാതിയാണ്. കൈയിലും തോളിലും പറന്നിരിക്കും. തീറ്റ കാട്ടിയാൽ കൊത്തിയെടുക്കും. ദേഷ്യംവന്നാൽ ചൂളംവിളിച്ച് തല വെട്ടിച്ച് കാണിക്കും. വന്യജീവികളെ വളർത്താൻ അനുവാദമില്ലാത്തതിനാൽ പേരിട്ടില്ല. തീറ്റ കൊടുത്ത് ലാളിച്ച് പറത്തിവിടുകയാണ് പതിവ്. ഏതുനേരവും തിരികെ വരുമെന്നതിനാൽ ഓഫീസിലെ ഫ്രിഡ്ജിൽ എപ്പോഴും ആ കുഞ്ഞുവയറ് നിറയാനുള്ള മീനുണ്ടാവും!
'' ആരോ വീട്ടിൽ വളർത്തിയതാവാം ഈ കൃഷ്ണപ്പരുന്തിനെ. സ്വയം ഇരതേടിപ്പിടിക്കാൻ പരിചയമില്ല. എല്ലാ ഉദ്യോഗസ്ഥരുമായും നല്ല അടുപ്പമാണ്''
പി.വി.വെജി, ഡെപ്യൂട്ടി റേഞ്ച് ഓഫീസർ
കൃഷ്ണപ്പരുന്ത്
കേരളത്തിൽ വ്യാപകമായി കാണുന്ന പരുന്തുകളിൽ ഒരിനമാണ് കൃഷ്ണപ്പരുന്ത്. തല, കഴുത്ത്, മാറിടം എന്നിവ വെള്ളയും. മറ്റു ഭാഗങ്ങൾ കടുത്ത കാവി വർണവുമാണ്. വാലിന്റെ അഗ്രത്തിന് അർദ്ധ ചന്ദ്രാകൃതിയാണ്.