kari

കോട്ടയം : ലോക ടൂറിസ്റ്റു ഭൂപടത്തിൽ നിറഞ്ഞു നിൽക്കുന്ന കുമരകത്തിന്റെ കണ്ടൽ മാഹാത്മ്യം പുറം ലോകത്തെ പരിചയപ്പെടുത്താൻ പദ്ധതി. കുമരകം കരിയിൽ തുരുത്തിൽ ഒരു വർഷം മുമ്പാണ് പച്ചത്തുരുത്ത് പദ്ധതിയുടെ ഭാഗമായി കണ്ടൽ ചെടികൾ വച്ചു പിടിപ്പിച്ചത്.

വേമ്പനാട് കായലിന്റെ വേലിയേറ്റ, വേലിയിറക്കപ്രദേശത്ത് എക്കൽ അടിഞ്ഞു രൂപപ്പെട്ട കരിയിൽ തുരുത്തിൽ കണ്ടൽ ചെടികൾക്കൊപ്പം മറ്റുവള്ളിചെടികളും പടർന്നു കയറി ഇന്ന് പച്ചത്തുരുത്തായി മാറിക്കഴിഞ്ഞു.

കായലിലും കടലിലും വേലിയേറ്റ, വേലിയിറക്ക പ്രദേശത്തും കായലും കടലും ചേരുന്ന നദിമുഖത്തും വളരുന്ന പ്രത്യേക സവിശേഷതകളുള്ള കാടുകളാണ് കണ്ടൽവനങ്ങൾ. ഉപ്പു കലർന്ന വെള്ളത്തിൽ വളരുന്ന ഇവ നിത്യഹരിത സ്വഭാവമുള്ളവയാണ്. വിവിധതരം മത്സ്യങ്ങൾക്കും ജലജീവികൾക്കും ആവാസവ്യവസ്ഥയാണ് കണ്ടൽ കാടുകൾ. ഇവി‌‌ടെ ‌പ്രത്യുല്പാദനം നടത്തുന്ന ഒട്ടനവധി മത്സ്യങ്ങളും ഉഭയജീവികളും മറ്റു ജലജീവികളും, അവയെ ഭക്ഷിക്കുന്ന തണ്ണീർതടപക്ഷികളും ഉരഗങ്ങളും സസ്തനികളും കണ്ടൽ ആവാസവ്യവസ്ഥയെ തനതാക്കി മാറ്റുന്നു. തീരദേശത്തെ മണ്ണ് സംരക്ഷണത്തിനും കണ്ടലുകൾ നൽകുന്ന സംഭാവന അമൂല്യമാണ്. വേമ്പനാട്ടുകായലാൽ ചുറ്റപ്പെട്ട് കണ്ണെത്താദൂരത്തോളം പടർന്നുകിടക്കുന്ന കുമരകം ഗ്രാമത്തിന് 51.67 ചതുരശ്രകിലോമീറ്റർ വിസ്തീർണമേയുള്ളൂ. 24.13 ചതുരശ്രകിലോമീറ്ററോളമാണ് വേമ്പനാട്ട് കായൽ പരന്നു കിടക്കുന്നത്. പച്ചത്തുരുത്ത് പദ്ധതിയുടെ ഭാഗമായി ചെറുവനങ്ങൾ രൂപപ്പെടുത്തിയെടുക്കുന്നതിന് വേമ്പനാട് കായലിനോട് ചേർന്നുകിടക്കുന്ന പ്രദേശത്ത് പഞ്ചായത്ത് പ്രസിഡന്റ് എ.പി. സലിമോനാണ് തുടക്കം കുറിച്ചത്.

കണ്ടലുകളെ അറിയാൻ

ഫേസ് ബുക്ക് ലൈവ്

കുമരകം ഗ്രാമ പഞ്ചായത്തിലെ കണ്ടൽ തുരുത്തുകളെക്കുറിച്ച് അറിയാനും സംശയങ്ങൾ ചോദിക്കാനും ഹരിത കേരള മിഷന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി രംഗത്തെ വിദഗ്ധരുടെ നേതൃത്വത്തിൽ ഇന്ന് വൈകിട്ട് 3നു കുമരകം ഗ്രാമ പഞ്ചായത്തിൽ ലൈവ് സംഘടിപ്പിക്കും. ഫേസ്ബുക്ക് ലൈവ് കാണുന്നതിനായി ഹരിത കേരളം മിഷൻ ഫേസ്ബുക്ക് പേജ് സന്ദർശിക്കുക. fb.com/harithakeralamission

പദ്ധതിക്ക് പിന്നിൽ

ഹരിത കേരളം മിഷൻ

കുമരകം കാർഷിക ഗവേഷണ കേന്ദ്രം

കുമരകം ഗ്രാമ പഞ്ചായത്ത്

സോഷ്യൽ ഫോറസ്റ്റ്റി വകുപ്പ്

ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി

പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രം

ബി.സി. എം കോളേജ് എൻ.എസ്.എസ്