
കോട്ടയം: മോട്ടോർ വാഹന വകുപ്പ് വാഹന പരിശോധനകൾ കർശനമാക്കിയതോടെ പല ഭാഗങ്ങളിൽ നിന്നും പരാതികളും ഉയരുന്നു. വണ്ടിയിൽ സ്റ്റിക്കർ ഒട്ടിച്ചതിനു പിഴ , അലോയ് വീൽ ഘടിപ്പിച്ചതിനു പിഴ എന്നൊക്കെ സമൂഹമാദ്ധ്യമങ്ങളിലൂടെ ആരോപണങ്ങൾ ഉന്നയിക്കുന്നുണ്ട്. എന്നാൽ ഇതിൽ മുഴുവൻ സത്യമില്ലെന്ന് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു.
ഡിജിറ്റൽ രേഖ മതി
സ്മാർട്‌ഫോണിൽ എം പരിവാഹൻ എന്ന ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് വാഹന വിവരങ്ങൾ നൽകിയാൽ ഇൻഷുറൻസ്, ടാക്‌സ്, രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് തുടങ്ങിയവയുടെ വിവരങ്ങൾ ലഭിക്കും. ഡിജി ലോക്കർ എന്ന ആപ്ലിക്കേഷനിലും ഇവയൊക്കെ സേവ് ചെയ്യാൻ കഴിയും. ഇപ്പോൾ ഓൺലൈൻ ആയി പരിശോധിക്കാൻ കഴിയുമെന്നതിനാൽ രേഖകൾ വാഹനത്തിൽ സൂക്ഷിക്കേണ്ട.
ഫൈൻ അടച്ചില്ലെങ്കിൽ
ഇ-ചെല്ലാൻ ആപ്പ് ഉപയോഗിച്ചാണ് മോട്ടോർ വാഹന വകുപ്പ് കേസെടുക്കുന്നത്. മൊബൈൽ ഫോണിൽ ഫോട്ടോയെടുത്ത് ഈ ആപ്ലിക്കേഷനിലൂടെ ഫയൽ ചെയ്താൽ കേസ് നിലവിൽ വരും.
ഒപ്പം വാഹന ഉടമയുടെ ഫോണിൽ കേസ് സംബന്ധിച്ച വിവരങ്ങൾ എസ്.എം.എസ് ആയി എത്തുകയും ചെയ്യും. ഫൈൻ അടയ്ക്കാതിരുന്നാൽ ഭാവിയിൽ ടാക്‌സും ഫിറ്റ്‌നസും പെർമിറ്റും ഒഴികെയുള്ള ഒരു സേവനവും ലഭ്യമാകില്ല.
പാടില്ലാത്തത്
 അലോയ് വീൽ ആണെങ്കിലും അല്ലെങ്കിലും വാഹനത്തിന്റെ ടയർ സൈസ് കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യരുത്
 മറ്റു ഡ്രൈവർമാരുടെയോ യാത്രക്കാരുടെയോ ശ്രദ്ധ തിരിക്കുന്നവിധം വലിയ സ്റ്റിക്കറുകളോ വലിയ ഗ്രാഫിക്‌സുകളോ പാടില്ല
 വാഹനത്തിന്റെ സൈലൻസർ മാറ്റരുത്. ലൈറ്റ്, ഹോൺ എന്നിവ മാറ്റുകയോ അധികമായി ഘടിപ്പിക്കുകയോ ചെയ്യരുത്
 ഏതു വാഹനമായാലും നിലവിലുള്ള രൂപത്തിൽ മാറ്റം വരുത്തിയാൽ 5000രൂപയാണ് പിഴ.