pooja

കോട്ടയം: വള്ളിയാംങ്കാവ് ക്ഷേത്ര പരിസരത്ത് പൂജാസാധനങ്ങൾ വിൽക്കുന്നതിൽ നിന്ന് ആദിവാസി കുടുംബത്തെ തിരുവിതാംകൂർ ദേവസ്വം ബോർഡ് വിലക്കിയതായി ആഖില തിരുവിതാംകൂർ മലയരയ മഹാസഭ പത്രസമ്മേളനത്തിൽ ആരോപിച്ചു. ക്ഷേത്രത്തിലെ മുൻ വെളിച്ചപ്പാടു കൂടിയായ ഗംഗാധരൻ കണ്ണാട്ടിന്റെയും കുടുംബത്തിന്റെയും ഉടമസ്ഥതയിലുള്ള കടയിൽ നിന്ന് ഭക്തർ വാങ്ങുന്ന പൂജാസാധനങ്ങൾ ജാതിഭ്രഷ്ടിന്റെ പേരിൽ ക്ഷേത്രത്തിൽ കയറ്റാൻ പറ്റില്ലെന്നാണ് ബാേർഡിന്റ നിലപാടെന്ന് ഭാരവാഹികൾ പറഞ്ഞു.

ദേവസ്വം സ്റ്റാളിൽ നിന്നു മാത്രമേ സാധനങ്ങൾ വാങ്ങാവൂ എന്നാണ് പറയുന്നതെങ്കിലും വെളിയിൽനിന്ന് കോഴി, പൂക്കൾ, മദ്യം, പുകയില എന്നിവ ഭക്തർ യഥേഷ്ടം കൊണ്ടു വരികയും ക്ഷേത്രത്തിൽ കർമ്മത്തിനായി ഉപയോഗിക്കുകയും ചെയ്യുന്നുണ്ട്. ഗംഗാധരന്റെ ഉപജീവനമാർഗം ഏതു തരത്തിലും തടസപ്പെടുത്തുകയാണ് ബോർഡിന്റെ പ്രധാന ലക്ഷ്യം. വള്ളിയാംങ്കാവ് ക്ഷേത്രം ദേവസ്വം ബോർഡ് ഏറ്റെടുക്കുന്നതുവരെ ഗംഗാധരൻ അവിടത്തെ വെളിച്ചപ്പാടായിരുന്നു. ഭ്രഷ്ടിനെതിരെ പരാതി നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു.

സംസ്ഥാന പ്രസിഡന്റ് സി.പി. കൃഷ്ണൻ, ജനറൽ സെക്രട്ടറി മോഹൻദാസ് പഴുമല, യുവജന അസോസിയേഷൻ ജനറൽ സെക്രട്ടറി സുഭാഷ്‌ സുനിൽ, ബാലസഭാ സംസ്ഥാന പ്രസിഡന്റ് സുരേഷ് പത്മനാഭൻ, കെ.കെ. ഗംഗാധരൻ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.