
കോട്ടയം : കൊവിഡ് ഭീതിയെ തുടർന്ന് ഗ്ലൗസിന്റ വില വലിയ തോതിൽ വർദ്ധിച്ചിട്ടും നിർമ്മാണ വസ്തുവായ ലാറ്റക്സ് വില നിലം പൊത്തിയ അവസ്ഥയിൽ തന്നെ. ലാറ്റക്സ് (റബർപാലിന് ) കിലോക്ക് 90 രൂപയിൽ താഴയേ കർഷകനു ലഭിക്കുന്നുള്ളു . ലാറ്റക്സ് ഇറക്കുമതിക്ക് അധിക നികുതി ഉള്ളതിനാൽ ഇന്ത്യൻ കമ്പനികൾ ലാറ്റക്സിന് പകരം ഗ്ലൗസുകൾ ഇറക്കുമതി ചെയ്ത് റീ പായ്ക്ക് ചെയ്ത് വിൽപ്പന നടത്തുകയാണ്. ഗ്ലൗസിന് ഡിമാൻഡ് കൂടിയതോടെ ലാറ്റക്സിന് വില കുതിച്ചുയരേണ്ടതാണ്. വിപണിയിൽ കർഷകർക്ക് അനുകൂലമായ സാഹചര്യം ഇന്ത്യൻ കമ്പനികൾ ഇല്ലാതാക്കി.
ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ടവരായിരുന്നു ഗ്ലൗസ് കൂടുതൽ ഉപയോഗിച്ചിരുന്നത്. കൊവിഡ് വ്യാപകമായതോടെ സാധാരണക്കാർ വരെ ജോലി സമയം മുഴുവൻ ഗ്ലൗസ് ഉപയോഗിച്ചുതുടങ്ങി. കൊവിഡ് വ്യാപനം ശക്തമാകും മുമ്പ് 100 എണ്ണം അടങ്ങുന്ന പായ്ക്കറ്റ് 650 രൂപയായിരുന്നു വില. ഇപ്പോൾ 950 രൂപയിലെത്തി.
ഗ്ലൗസ് നിർമ്മാണത്തിനാവശ്യമായ റബറിന് ദിവസം തോറും വില കുറയുകയുമാണ്. ഇറക്കുമതി ചെയ്താൽ ലാറ്റക്സിന് 70 ശതമാനം വരെ നികുതി നൽകണം. ഗ്ലൗസ് ഇറക്കുമതിക്ക് നികുതിയുമില്ല. അതിനാൽ വൻ തോതിൽ വാങ്ങി റീ പാക്ക് ചെയ്തു വില കൂട്ടി വിൽക്കുകയാണ് കമ്പനികൾ. ഇതു തടയാൻ സർക്കാർ തലത്തിൽ സംവിധാനവുമില്ല. ഗ്ലൗസ് ഇറക്കുമതിമതിക്കും നികുതി ഈടാക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് നിവേദനം നൽകിയതായി കർഷക കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി എബി ഐപ്പ് അറിയിച്ചു.