jayakumar

പാലാ: ''ഇപ്പൊഴും എന്റെ മനസുനിറയെ പ്രണയമാണ്. ഒരു പ്രണയിനിയുടെ അനുരാഗത്തിന്റെ പരിമളം എനിക്കിപ്പോഴും ഉൾക്കൊള്ളാൻ സാധിക്കും. മനസ് ഇങ്ങനെ സദാ സന്തോഷമായിരിക്കുമ്പോൾ എന്നിൽ ഭാവനകളും സങ്കൽപ്പങ്ങളും വന്നു കൊണ്ടേയിരിക്കും. അപ്പോൾ കവിതകളും ഗാനങ്ങളും പിറക്കും.'

പിറന്നാൾ ദിനത്തിൽ തന്റെ മനസിനെക്കുറിച്ചും രചനകളെ കുറിച്ചും സംസാരിക്കുകയായിരുന്നൂ മുൻ ഐ.എ.എസ്. ഉദ്യോഗസ്ഥനും കവിയും ഗാന രചയിതാവുമായ കെ. ജയകുമാർ.
ചൊവ്വാഴ്ച ഇദ്ദേഹത്തിന്റെ 68ാം പിറന്നാളായിരുന്നു.

'1978ൽ സിവിൽ സർവീസിന്റെ ആദ്യ വർഷങ്ങളിൽ എന്റെ സാഹിത്യരചന മുടങ്ങി.1985ലാണ് പിന്നീട് സജീവമായി എഴുത്തിലേക്ക് തിരിഞ്ഞത് ' ഐ.എ. എസ്. ജീവിതം ഒരു പാട് അനുഭവങ്ങൾ തന്നു. പച്ചയായ ഒരു പാട് ജീവിതാനുഭവങ്ങൾക്ക് സാക്ഷ്യം വഹിച്ചു. ഐ.എ എസ്. കിട്ടിയില്ലായിരുന്നെങ്കിൽ ഒരു കോളേജ് അദ്ധ്യാപകനായും കവിയായും താൻ ജീവിക്കുമായിരുന്നു- ജയകുമാർ പറഞ്ഞു.
സിനിമാ സംവിധായകനായിരുന്നെങ്കിലും മക്കൾ ആ രംഗത്തേയ്ക്ക് വരുന്നതിനോട് അച്ഛന് താൽപ്പര്യമില്ലായിരുന്നു. 1973ൽ 21ാം വയസ്സിൽ ഭദ്രദീപം എന്ന സിനിമയ്ക്ക് പാട്ടെഴുതി. എന്നാൽ സജീവമാകാൻ അച്ഛൻ സമ്മതിച്ചില്ല. സിനിമാ ലോകം അനിശ്ചിതത്വം നിറഞ്ഞതായതിനാൽ പഠിച്ചു ജോലി നേടാനായിരുന്നു ഉപദേശം. അച്ഛന്റെ പാത പിന്തുടർന്ന് സിനിമാ സംവിധാനത്തിലേക്ക് കടക്കണമെന്നുണ്ട്. കൊവിഡ് ദുരിതങ്ങളൊഴിഞ്ഞാൽ ഇതിനു തുടക്കം കുറിക്കുമെന്നും ജയകുമാർ വെളിപ്പെടുത്തി.

പ്രമുഖ സിനിമാ സംവിധായകനായിരുന്ന എം. കൃഷ്ണൻ നായരുടെ മകനായ ജയകുമാർ 1952 ഒക്ടോബർ 6നാണ് ജനിച്ചത്.1978 ബാച്ച് ഐ.എ.എസ്. ഉദ്യോഗസ്ഥനാണ്. ജില്ലാ കളക്ടർ, ടൂറിസം ഡയറക്ടർ, ചീഫ് സെക്രട്ടറി, മലയാളം സർവകലാശാലാ വൈസ് ചാൻസലർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. നാനൂറോളം കവിതകൾ എഴുതി.

ഒരു വടക്കൻ വീരഗാഥയിലെ കളരിവിളക്കു തെളിഞ്ഞതാണോ.., ചന്ദന ലേപസുഗന്ധം.. നീലക്കടമ്പിലെ കുടജാദ്രിയിൽ കുടികൊള്ളും..., കിഴക്കുണരും പക്ഷിയിലെ സൗപർണികാമൃത വീചികൾ..., പക്ഷെയിലെ സുര്യാംശുവോരോ വയൽപൂവിലും.. തുടങ്ങി ഒട്ടേറെ പ്രശസ്തമായ സിനിമാ ഗാനങ്ങൾ ജയകുമാറിനെ എക്കാലവും ഒാർമ്മിക്കാൻ പര്യാപ്തമാണ്.