nh

അടിമാലി: ഒന്നും രണ്ടുമല്ല നൂറോളം നിരീക്ഷണ കാമറ സ്ഥാപിക്കാനാണ് പദ്ധതിയിട്ടത്, പക്ഷെ ഒന്നും നടന്നില്ല.കൊച്ചി ധനുഷ്‌ക്കോടി ദേശിയപാതയിൽ നേര്യമംഗലം മുതൽ മൂന്നാർ വരെയുള്ള ഭാഗത്ത് കാമറ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട പലവട്ടം ആലോചനകൾ നടത്തി തീരുമാനത്തിലെത്തിയിരുന്നെങ്കിലും അതൊക്കെ വെറുതെയായി. .മൊബൈൽ കവറേജിന്റെ അപര്യാപ്തതയുള്ള വനമേഖലയിൽ അപകടങ്ങൾ നടന്നാൽ വേഗത്തിൽ പുറംലോകത്തറിയാനും രാത്രികാലങ്ങളിൽ ഉണ്ടാകുന്ന മറ്റനിഷ്ട സംഭവങ്ങൾ തടയാനുംഅങ്ങനെ റോഡ് സുരക്ഷയും മോഷണമടക്കമുള്ളവ തടയുന്നതിനുമടക്കം വിവിധ ലക്ഷ്യവുമായാണ് കാമറസ്ഥാപിക്കാനുള്ള നീക്കമാരംഭിച്ചത്. ഇതൊക്കെ തീരുമാനിച്ചിട്ട് മാസങ്ങൾ ഏറെ പിന്നിട്ടിട്ടും തുടർനടപടികൾ എവിടെയുമെത്തിയില്ലെന്നാണ് ഇപ്പോൾ ഉയരുന്ന ആരോപണം.അടിമാലി ടൗൺ ഉൾപ്പെടെയുള്ള മേഖലകളിൽ നടക്കുന്ന കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്ക് പലപ്പോഴും രക്ഷപ്പെടാൻ നിരീക്ഷണ കാമറകളുടെ അഭാവം പഴുതൊരുക്കിയിട്ടുണ്ട്.സ്വകാര്യ സ്ഥാപനങ്ങളിൽ വച്ചിട്ടുള്ള സിസിടിവി കാമറകളാണ് രക്ഷയായയും പല കേസുകൾക്കും തുമ്പുണ്ടാക്കി നൽകിയതും.സ്വകാര്യ കമ്പനിയുമായി സഹകരിച്ച് ആദ്യഘട്ടത്തിൽ നൂറോളം കാമറകൾ വിവിധ ഇടങ്ങളിൽ സ്ഥാപിക്കാനായിരുന്നു ആലോചനകൾ നടന്നത്.ഇക്കാര്യത്തിൽ തുടർനടപടികൾ കൈകൊള്ളാൻ ബന്ധപ്പെട്ടവരുടെ ഇടപെടൽ വേണമെന്നാണ് വിവിധ കേന്ദ്രങ്ങളിൽ നിന്നുയരുന്ന ആവശ്യം.

എന്നിനി വന്ന്ചേരും

കൊച്ചി ധനുഷ്ക്കാടി പാതയിൽ അപകടങ്ങൾ നിരവധിയാണ് ഉണ്ടാകാറുള്ളത്. വാഹനാപകടത്തിന് ഇടയാക്കിയ സാഹചര്യം പലപ്പോഴും കൃത്യമായി കണ്ടെത്താനുമാകാറില്ല. നിരീക്ഷണ കാമറ സ്ഥാപിച്ചാൽ അപകടമുണ്ടാക്കിയ വാഹനവും ഇതുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങളും വേഗത്തിൽ മനസിലാക്കാൻ സാധിക്കുമെങ്കിലും ഇനിയുംകാമറക്കണ്ണുകൾ ഇവിടെ മിഴി തുറക്കാറയിട്ടില്ല