കോട്ടയം: മറിയപ്പള്ളി ഇന്ത്യാ പ്രസിന്റെ സ്ഥലത്ത് കണ്ടെത്തിയ അസ്ഥികൂടം വൈക്കം വെച്ചൂർ സ്വദേശി ജിഷ്ണുവിന്റേതെന്ന് ഉറപ്പിച്ച് ഡി.എൻ.എ പരിശോധനാ ഫലം. കുമരകത്തെ ബാർ ജീവനക്കാരനായിരുന്ന വൈക്കം കുടവച്ചൂർ താമിക്കല്ല് വെളുത്തേടത്ത് ചിറയിൽ ജിഷ്ണു ഹരിദാസിന്റേതാണെന്ന (23) ഡി.എൻ.എ പരിശോധനാ ഫലം കഴിഞ്ഞ ദിവസം ചിങ്ങവനം പൊലീസിന് ലഭിച്ചു.
അസ്ഥികൂടത്തിലെ ഡി.എൻ.എ സാമ്പിളും, ജിഷ്ണുവിന്റെ പിതാവിൽ നിന്നുള്ള ഡി.എൻ.എ സാമ്പിളും ശേഖരിച്ചാണ് തിരുവനന്തപുരത്തെ ഫോറൻസിക് ലാബിൽ പരിശോധന നടത്തിയത്. എന്നാൽ ജിഷ്ണുവിന്റെ കഴുത്തിലുള്ള മാല കണ്ടെത്താനായില്ല.
കഴിഞ്ഞ ജൂൺ 26നാണ് ഇന്ത്യാ പ്രസിനു സമീപം കാടുപിടിച്ചു കിടക്കുന്ന സ്ഥലത്ത് അസ്ഥികൂടം കണ്ടെത്തിയത്. ഇവിടെ നിന്നു ലഭിച്ച മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് അസ്ഥികൂടം ജിഷ്ണു ഹരിദാസിന്റേതാണെന്ന നിഗമനത്തിൽ എത്തിയത്. ജിഷ്ണുവിന്റെ മൊബൈൽ ഫോണും, സിം കാർഡും ഇവർ തിരിച്ചറിഞ്ഞിരുന്നു. എന്നാൽ, ബന്ധുക്കൾ സംശയം പറഞ്ഞതോടെ ഡി.എൻ.എ പരിശോധന നടത്താൻ തീരുമാനിക്കുകയായിരുന്നു.
ഡി.എൻ.എ പരിശോധനാ ഫലം ലഭിച്ച സാഹചര്യത്തിൽ മൃതദേഹം ജിഷ്ണുവിന്റെ ബന്ധുക്കൾക്കു വിട്ടുനൽകുമെന്നു ചിങ്ങവനം സ്‌റ്റേഷൻ ഹൗസ് ഓഫിസർ ബിൻസ് ജോസഫ് പറഞ്ഞു. നിലവിൽ ജിഷ്ണുവിന്റെ മൃതദേഹാവശിഷ്ടങ്ങൾ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ജിഷ്ണു തൂങ്ങി മരിച്ചതാണെന്ന് തന്നെയാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹം പോസ്റ്റ്‌മോർട്ടം നടത്തിയ ഡോക്ടർമാരുടെ സംഘവും ഇത് ശരിവയ്ക്കുന്നു. എന്നാൽ, ശാസ്ത്രീയ പരിശോധനാ ഫലം പുറത്തു വന്ന ശേഷം മാത്രമേ മരണകാരണം വ്യക്തമാകൂ.കുമരകം ആശിർവാദ് ബാറിലെ ജീവനക്കാരനായിരുന്നു ജിഷ്ണുവിനെ ജൂൺ മൂന്നിനാണ് കാണാതായത്.