കമുകിന് മഹാളിരോഗം വാഴയ്ക്ക് പഴുപ്പ് രോഗം
കോട്ടയം: കാലാവസ്ഥ വ്യതിയാനം കർഷകർക്ക് വലിയ വെല്ലുവിളിയാകുകയാണ്. കാലാവസ്ഥയിൽ വന്ന മാറ്റം കമുക് കർഷകരെയും ഏത്തവാഴ കർഷകരെയുമാണ് പ്രതികൂലമായി ബാധിച്ചിരിക്കുന്നത്. ഏത്തവാഴകളിൽ വാഴയില പഴുപ്പ് രോഗവും കമുകിന് മഹാളിരോഗവുമാണ് വ്യാപകമായിരിക്കുന്നത്. കൊവിഡ് പ്രതിസന്ധികൾക്കിടയിൽ കാർഷികമേഖലയ്ക്ക് പ്രതീക്ഷ നൽകി അടയ്ക്കാ വില ഉയരുമ്പോഴാണ് കർഷകരുടെ പ്രതീക്ഷകളെ തല്ലിക്കെടുത്തി കമുകുകൾക്ക് മഹാളി രോഗം വർദ്ധിക്കുന്നത്. ജില്ലയിൽ കടുത്തുരുത്തി, ഉഴവൂർ, മാഞ്ഞൂർ, പാമ്പാടി മേഖലകളിലാണ് കമുക് വ്യാപകമായി കൃഷി ചെയ്യുന്നത്. പച്ച അടയ്ക്കായ്ക്ക് കിലോയ്ക്ക് 15 രൂപയാണ് ലഭിക്കുന്നത്. എന്നാൽ ഉണങ്ങിയ അടയ്ക്കായ്ക്ക് 350 രൂപ വരെ വില വർദ്ധിച്ചിരുന്നു. രോഗം ബാധിച്ച കമുകിന്റെ കൂമ്പ് ചീഞ്ഞ് താഴേക്ക് പതിക്കുന്നതായി കർഷകർ പറയുന്നു. പഴുക്കാറായ അടയ്ക്ക വരെ രോഗം ബാധിച്ച് വീഴുന്നു. വേപ്പിൻ പിണാക്ക്, കുമ്മായം എന്നിവ കമുകുകളുടെ ചുവട്ടിൽ ഒഴിച്ചാൽ രോഗത്തെ ഒരു പരിധി വരെ തടയാൻ സഹായിക്കുമെന്ന് കർഷകർ പറയുന്നു. അടയ്ക്കായ്ക്ക് നല്ല വിളവ് വന്ന സമയത്താണ് കമുകിന് രോഗം പിടിപ്പെട്ടത്.ഇതുമൂലം കർഷകർക്ക് വലിയ തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്.
 വാഴയും ചതിച്ചു
ഏത്തവാഴയ്ക്ക് രോഗം ബാധിച്ചതാണ് ചെറുകിട കർഷകരെയും വൻകിട കർഷകരെയും ഒരുപോലെ പ്രതിസന്ധിയിലാക്കുന്നത്. വാഴയിലയ്ക്ക് പഴുപ്പ് രോഗം ബാധിച്ചത് വ്യാപകമാകുകയാണ്. മുൻപ് ഈ രോഗം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കാലാവസ്ഥയിലുണ്ടായ മാറ്റവും ഇത്തവണ മഴയുടെ അളവ് വർദ്ധിച്ചതുമാണ് രോഗവ്യാപനം ക്രമാതീതമായി വർദ്ധിക്കാൻ കാരണമെന്ന് കർഷകർ പറയുന്നു.
ചെറുകിട കർഷകരുടെ സ്ഥിതി പരിതാപകരമാണ്. കൃഷി ചെയ്യുന്നവരെക്കാൾ കൂടുതൽ ലാഭം നേടുന്നത് എന്നും കച്ചവടക്കാരാണ്.
( ബിജു നെടുംകുന്നം അദ്ധ്യപകനും ചെറുകിട കർഷകൻ).