narayanan

കട്ടപ്പന: നാട്ടിലെ മാലിന്യപ്രശ്നം പരിഹരിക്കണമെന്ന ആവശ്യവുമായി മൊബൈൽ ടവറിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കി, മൂന്ന് മണിക്കൂർ എല്ലാവരെയും മുൾമുനയിലാക്കി. ഒടുവിൽ തഹസിൽദാരും ജനപ്രതിനിധികളും അനുനയിപ്പിച്ച് താഴെയിറക്കുകയായിരുന്നു. വണ്ടൻമേട് പഞ്ചായത്തിലെ മാലിയിലെ ജനകീയ പ്രശ്‌നങ്ങൾക്ക് പരിഹാരം ആവശ്യപ്പെട്ടാണ് മാലി സ്വദേശി നാരായണൻ(52) മൂന്നു മണിക്കൂറോളം പരിഭ്രാന്തി സൃഷ്ടിച്ചത്.രണ്ട് വർഷം മുമ്പ് നാരായണൻ ഇതേ മൊബൈൽ ടവറിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയിരുന്നു.
മാലിയിലെ മാലിന്യപ്രശ്‌നവും റോഡിന്റെ ശോച്യാസ്ഥയും കുടിവെള്ള ക്ഷാമവും പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടാണ് നാരായണൻ ഇന്നലെ രാവിലെ പതിനൊന്നോടെ മാലിയിലെ മൊബൈൽ ടവറിനു മുകളിൽ കയറിയത്. തുടർന്ന് വണ്ടൻമേട് പൊലീസ് സ്റ്റേഷനിൽ ഫോൺ വിളിച്ച് അറിയിച്ചു. ഉടൻതന്നെ സി.ഐ. വി.എസ്. നവാസിന്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തിയെങ്കിലും ഇയാൾ താഴെയിറങ്ങാൻ തയാറായില്ല. കളക്ടർ നേരിട്ടെത്തി ഉറപ്പുനൽകാതെ താഴെയിറങ്ങില്ലെന്നു ശഠിച്ച് ഇയാൾ ടവറിനു മുകളിൽ നിലയുറപ്പിച്ചു. പൊലീസും അഗ്‌നിശമന സേനയും പഞ്ചായത്ത് അംഗവും അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് ഉടുമ്പൻചോല തഹസിൽദാർ നിജു കുര്യൻ, വണ്ടൻമേട് പഞ്ചായത്ത് പ്രസിഡന്റ് ജാൻസി റെജി എന്നിവർ സ്ഥലത്തെത്തി മാലിന്യപ്രശ്നത്തിൽ ആവശ്യമായ നടപടി സ്വീകരിക്കാമെന്ന് ഉറപ്പുനൽകിയതോടെയാണ് ഉച്ചകഴിഞ്ഞ് രണ്ടോടെ നാരായണൻ താഴെയിറങ്ങിയത്. കട്ടപ്പന ഡിവൈ.എസ്.പി. എൻ.സി. രാജ്‌മോഹൻ, കട്ടപ്പന അഗ്‌നിശമന സേന യൂണിറ്റ് സ്റ്റേഷൻ ഓഫീസർ ടി.കെ. സന്തോഷ്‌കുമാർ തുടങ്ങിയവരും സ്ഥലത്തെത്തിയിരുന്നു. 2018ൽ മാലിയിലെ റോഡിനിരുവശവും മാലിന്യം കുന്നുകൂടിയപ്പോൾ നാരായണൻ ഇതേ ടവറിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കിയിരുന്നു. അന്നും പഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ളവർ സ്ഥലത്തെത്തി അനുനയിപ്പിച്ച് താഴെയിറക്കുകയായിരുന്നു.