രാജാക്കാട്: ബൈസൺവാലിയിൽ പട്ടികവർഗ്ഗ പതിനാറുകാരിയെ രണ്ടാനച്ഛൻ മർദ്ദിച്ച സംഭവത്തിൽ പൊലീസ് അന്വേഷണം ഇനിയുമായില്ല. സംഭവം നടന്ന്മൂന്ന് ദിവസം കഴിഞ്ഞിട്ടും ആശുപത്രി അധികൃതർ ഇന്റിമേഷൻ കൊടുത്തില്ല എന്ന കാരണത്താൽ രാജാക്കാട് പൊലീസ് നടപടിയൊന്നും സ്വീകരിച്ചിട്ടില്ല. കഴിഞ്ഞ തിങ്കളാഴ്ച രാത്രി എട്ട്മണിക്ക് സംശയകരമായ സാഹചര്യത്തിൽ പെൺകുട്ടി തനിച്ച് നിൽക്കുന്നതാണ് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെടുന്നത്.ബൈസൺവാലിയിലെ ഏലത്തോട്ടത്തിൽ പണിയെടുക്കാൻ വേണ്ടി രണ്ടാനച്ഛൻ മാമലകണ്ടത്ത്‌നിന്നും വിളിച്ചുകൊണ്ടുവന്നതാണെന്നും വരുന്ന വഴി വീട്ടിലും പിന്നീട് ഓട്ടോറിക്ഷയിലും വച്ച് മർദ്ദിച്ചതായും പെൺകുട്ടി പറഞ്ഞു. ക്രൂരമായി മർദ്ദിച്ചതിനെ തുടർന്ന് രക്ഷപ്പെട്ട് ഓടി സ്‌കൂളിൽ എത്തിയതാണെന്നും പെൺകുട്ടി നാട്ടുകാരോട്പറഞ്ഞു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് രാജാക്കാട് പൊലീസ് എത്തി പെൺകുട്ടിയെ അടിമാലി താലൂക്ക് ആശുപത്രിയിലാക്കി.എന്നാൽ രാജാക്കാട് പൊലിസ് പെൺകുട്ടിയെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ട് പോയതല്ലാതെ പിന്നീട് യാതൊരു നടപടിയും സ്വീകരിച്ചില്ല എന്നാണ് ആക്ഷേപം. കൊവിഡിനെ തുടർന്ന് ആശുപത്രി അധികൃതർ പെൺകുട്ടിയെ പരിശോധനയ്ക്ക് ശേഷം ചെവ്വാഴ്ച ഏലത്തോട്ട ഉടമയോടൊപ്പം പറഞ്ഞു വിടുകയാണ് ഉണ്ടായത്. പെൺകുട്ടി ഇപ്പോൾ സുരക്ഷിതയായിട്ട് ഏലത്തോട്ട ഉടമയോടൊപ്പം എന്ന് രാജക്കാട് പൊലീസ് പറയുന്നു.എന്നാൽ ഈ വിവരം ചൈൽഡ് ലൈനിൽ അറിയിക്കുകയോ മേൽ നടപടി സ്വീകരിക്കുകയോ ചെയ്തില്ല. മർദ്ദനം നടന്നത് മാമലകണ്ടത്ത് വെച്ച് ആയതിനാൽ മേൽനടപടി സ്വീകരിക്കേണ്ടത് കുട്ടമ്പുഴ പൊലീസാണ് എന്ന് നിലപാട് സ്വീകരിച്ചതാണ് അന്വേഷണം വൈകാൻ കാരണം. അടിമാലി താലൂക്ക് ആശുപത്രിയിലെ എസ്. ടി പ്രമോട്ടറും യാതൊരു മേൽ നടപടിയും സ്വീകരിച്ചിട്ടില്ല.