
വാകത്താനം: കുടിവെള്ള പദ്ധതിയുടെ കുളത്തിന്റെ സംരക്ഷണ ഭിത്തി തകർന്നു. വാകത്താനം ഗ്രാമ പഞ്ചായത്തിന്റെ കീഴിലുള്ള ഒന്നാം വാർഡിൽ തൃക്കോതമംഗലം ചിറമംഗലം കുളത്തിന്റെ ഒരു വശത്തെ സംരക്ഷണ ഭിത്തിയാണ് പൂർണ്ണമായും തകർന്നത്. നൂറോളം വീടുകൾക്കും തൃക്കോതമംഗലം വി.എച്ച്.എസ് സ്‌കൂളിനും കുടിവെള്ളം ലഭിക്കുന്ന ചിറമംഗലം കുടിവെള്ള പദ്ധതിയുടെ കുളമാണിത്. 1996 ൽ ജില്ലാ പഞ്ചായത്തിന്റെ സഹായത്തോടെ പൂർത്തീകരിച്ചതാണ് ചിറമംഗലം കുടിവെള്ള പദ്ധതി. പഞ്ചായത്ത് പ്രസിഡന്റ് പി.ബി. പ്രകാശ് ചന്ദ്രൻ, എം.ജി.എൻ.ആർ.ഇ.ജി അസിസ്റ്റന്റ് എഞ്ചിനീയർ വി.കെ രാജേഷ്, കുടിവെള്ള പദ്ധതി സെക്രട്ടറി ജോൺസൺ വാണിയിടം എന്നിവർ സ്ഥലം സന്ദർശിച്ചു. എം.ജി.എൻ.ആർ.ഇ.ജി ഫണ്ടിൽ ഉൾപ്പെടുത്തി 4 ലക്ഷം രൂപയുടെ പദ്ധതി തയ്യാറാക്കി കുളം നവീകരിക്കാൻ നടപടികൾ ആരംഭിച്ചതായി പ്രസിഡന്റ് അറിയിച്ചു.