
അടിമാലി: മൂന്നാറിലെ നിയന്ത്രണങ്ങൾ അധികൃതർ കടുപ്പിച്ചു. തോട്ടം തൊഴിലാളികളും വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാരും ഉൾപ്പെടെ ഒട്ടേറെ പേർക്ക് കഴിഞ്ഞ ദിവസങ്ങളിൽ കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്നാണ് നിയന്ത്രണങ്ങൾ കർശനമാക്കിയത്. ടൗണും പഴയ മൂന്നാറും ഉൾപ്പെടെ ആറ് വാർഡുകൾ കണ്ടെയ്‌ൻമെന്റ് സോണായി ജില്ലാ ഭരണകൂടം പ്രഖ്യാപിച്ചു. ഏറെ നാളുകൾക്ക് ശേഷം ഉണർന്ന് തുടങ്ങിയ വിനോദ സഞ്ചാര മേഖലയ്ക്ക് നിയന്ത്രണങ്ങൾ കനത്ത തിരച്ചടിയാണ് . മൂന്നാറിലേയ്ക്ക് സഞ്ചാരികൾക്ക് വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ് .അവശ്യസാധനങ്ങളും പച്ചക്കറി കടകളും മാത്രമാണ് ഇന്നലെ തുറന്നത്. പൊലീസ് കർശന നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നതിനാൽ തോട്ടം തൊഴിലാളികളും ടൗണിലേയ്ക്ക് എത്തിയിട്ടില്ല.സബ്ബ് കളക്ടർ എസ്.പ്രേം കൃഷ്ണ, എ.എസ്.പി.സ്വപ്നിൽ മഹാജൻ, തഹസിൽദാർ ജിജി എം. കുന്നപ്പിള്ളി എന്നിവരുടെ നേതൃത്വത്തിൽ ടൗണിൽ പരിശോധന നടത്തി.കഴിഞ്ഞ ദിവസം ആരോഗ്യ വകുപ്പ് 125 പേരിൽ നടത്തിയ പരിശോധനയിൽ 22 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതാണ് കടുത്ത നിയന്ത്രണങ്ങൾക്ക് കാരണം.