jibin-jose

കാഞ്ഞിരപ്പള്ളി: കൃഷി ലാഭകരമല്ലെന്ന് പറഞ്ഞ് മുഖംതിരിക്കുന്ന പുതുതലമുറയ്ക്ക് മാതൃകയാവുകയാണ് കാഞ്ഞിരപ്പള്ളി എലിക്കുളം ഗ്രാമപഞ്ചായത്തിൽ കാരക്കുളം വെട്ടത്ത് റിട്ട. സർവ്വേ ഓഫീസർ ജോസ്‌ തോമസിന്റെയും മേരിക്കുട്ടിയുടെയും മകനായ ജിബിൻ ജോസ്. ഭാര്യ രേഷ്മ വിദേശത്ത് നഴ്സാണ്. ജേഷ്ഠൻ ജൂബി അമേരിക്കയിൽ, പിതൃസഹോദരങ്ങൾ മിക്കവരും തന്നെ വിദേശ രാജ്യങ്ങളിലും നാട്ടിൽ മറ്റു ബിസിനസുകളും ചെയ്യന്നു. വിദേശത്തോ നാട്ടിലോ ഒരു ജോലി തരപ്പെടുത്തുവാൻ ഒരു ബുദ്ധിമുട്ടുമില്ലാഞ്ഞിട്ടും ജിബിൻ തിരഞ്ഞെടുത്തത് കൃഷിയാണ്. പഠിച്ചത് പ്രൊഫഷണൽ നഴ്സിംഗ് ആയിട്ടും കൃഷിയോടുള്ള ഇഷ്ടം കൊണ്ടാണ് ജിബിൻ ജോസ് കൃഷിക്കാരനായത്. നാട്ടിൽ രണ്ടു വയസുകാരൻ മകൻ ഡേവിഡുമൊത്താണ് ജിബിന്റെ താമസം.

അതികാലേ തുടങ്ങുന്ന അദ്ധ്വാനം

സാധാരണ ചെറുപ്പക്കാരുടെ ദിനചര്യകളല്ല ജിബിനുള്ളത്. അതിരാവിലെ എഴുന്നേറ്റ് വളർത്തു മൃഗങ്ങളുടെയും വളർത്തു പക്ഷികളുടെയും വളർത്തു മത്സ്യങ്ങളുടെയും പരിപാലനത്തിനു ശേഷം ചേന, ചേമ്പ്, വാഴ,വിവിധയിനം പച്ചക്കറിയിനങ്ങളും നിറഞ്ഞ കൃഷിത്തോട്ടത്തിലേക്ക് ഇറങ്ങും. കൃഷിയിടത്തിൽ ഉച്ചവരെ ചിലവിടുന്ന ജിബിൻ ഉച്ചതിരിഞ്ഞാൽ എലിക്കുളം കുരുവിക്കൂട് കവലയിലുള്ള നാടൻ ഉത്പന്നങ്ങൾ മാത്രം വിൽക്കുന്ന നാട്ടുചന്തയിൽ എത്തും. എല്ലാ ആഴ്ചയിലെയും വ്യാഴാഴ്ച ദിവസങ്ങളിൽ നടക്കുന്ന നാട്ടുചന്തയിലെ മുഖ്യസംഘാടകനാണ് ജിബിൻ.

കഴിഞ്ഞ വർഷം എലിക്കുളം ഗ്രാമപഞ്ചായത്തിലെ മികച്ച കർഷകനുള്ള അവാർഡ് ജിബിനെയാണ് തേടിയെത്തിയത്. കൃഷിപ്പണിക്കിടയിലും സ്വന്തം പ്രൊഫഷൻ ഈ 35കാരൻ മറന്നില്ല. ഒരു മെയിൽ നഴ്സ് ചെയ്യേണ്ട എല്ലാ ശുശ്രൂഷകളും ആളുകൾ വിളിച്ചാൽ വീട്ടിലെത്തി ജിബിൻ ചെയ്തു കൊടുക്കും, സൗജന്യമായി.