
കോട്ടയം: പമ്പിംഗ് മേഖലയിൽ പ്രതിസന്ധിയുണ്ടാക്കി പുഞ്ച സ്പെഷ്യൽ ഉദ്യോഗസ്ഥർ കർഷകരെ ദ്രോഹിക്കുന്നതായാണ് പരാതി. ടെൻഡർ നടപടികളിൽ പ്രശ്നങ്ങൾ സൃഷ്ടിച്ചാണ് ഉദ്യോഗസ്ഥർ ദ്രോഹിക്കുന്നതെന്നാണ് കർഷകരുടെ പരാതി. ഇതോടെ അപ്പർകുട്ടനാട്ടിലെ 4500 ലധികം ഏക്കർ പാടത്തെ കൃഷിയും പ്രതിസന്ധിയിലായി. പുഞ്ചകൃഷിക്കായി പാടങ്ങൾ ഒരുക്കിക്കഴിഞ്ഞപ്പോഴാണ് സോൾവൻസിയിൽ ഉടക്കി പമ്പിംഗിൽ പ്രതിസന്ധി ഉടലെടുത്തത്.
മുൻ വർഷങ്ങളിൽ ഒറ്റ സോൾവൻസി വച്ചായിരുന്നു പമ്പിംഗിൽ ടെൻഡർ നടത്തിയിരുന്നത്. എന്നാൽ ഇത്തവണ അത് പാടേ മാറ്റി. ഓരോ പാടശേഖരങ്ങൾക്കും പ്രത്യേകം പ്രത്യേകം ടെൻഡർ വേണമെന്നാണ് പുഞ്ച സ്പെഷ്യൽ ഓഫീസറുടെ ഉത്തരവ്. ഇതാണ് പാടശേഖര കമ്മിറ്റികളെയും കരാറുകാരെയും ഒരുപോലെ ദുരിതത്തിലാക്കിയത്. ഈ ഉത്തരവ് കോട്ടയം, വൈക്കം,ചങ്ങനാശേരി മേഖലകളിലെ പാടശേഖരങ്ങളെയും പ്രതികൂലമായി ബാധിക്കും.
പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ ഒറ്റ സോൾവൻസിയിലാണ് പമ്പിംഗ് നടക്കുന്നത്. കോട്ടയം ജില്ലയിൽ ഈ രീതി മാറ്രം വരുത്തിയിട്ടില്ല. സമീപ ജില്ലകളിലെപോലെ കോട്ടയം ജില്ലയിലും സോൾവൻസി ക്രമീകരണങ്ങൾ നടത്താൻ കൃഷിവകുപ്പ് തയാറാവണമെന്നാണ് കർഷകരുടെ ആവശ്യം. ഇതോടെ പമ്പിംഗുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമാവും. ആലപ്പുഴ ജില്ലയിൽ സ്വീകരിച്ചിരിക്കുന്ന സോൾവൻസി മാനദണ്ഡം കോട്ടയം ജില്ലയിലും അംഗീകരിക്കാൻ പുഞ്ച കൃഷി ഓഫീസർ തയാറാവണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പമ്പിംഗ് ആൻഡ് ഡീവാട്ടറിംഗ് ജില്ലാ ഏജന്റ്സ് അസോസിയേഷനും അപ്പർ കുട്ടനാട് നെൽ കർഷക സമിതിയും അധികാരികൾക്ക് നിവേദനം നല്കിയിട്ടുണ്ട്.
സ്വപ്നങ്ങളുമായി പാടത്തേക്ക്
പ്രളയത്തിൽ നശിച്ച അപ്പർകുട്ടനാട്ടിലെ പാടശേഖരങ്ങൾ ഒരുക്കി. മുളപ്പിച്ച നെൽവിത്തുകളുമായി കർഷകർ പാടത്തിറങ്ങി. ഒരാഴ്ചക്കുള്ളിൽ വിത പൂർത്തിയാക്കാനാണ് കർഷകരുടെ തീവ്രശ്രമം.ആർപ്പുക്കര പഞ്ചായത്തിലെ തൊള്ളായിരം, ആര്യാട്ടിടം, കാട്ടുകരി, കന്യാക്കോൺ, മറ്റം വിലങ്ങുചിറ, കേളക്കരി-വാകക്കാട്, അയ്മനം പഞ്ചായത്തിലെ കിഴക്കേ മണിയാപറമ്പ്, കല്ലുങ്കത്ര, വാദ്ധ്യാൻ മേക്കരി, കൊല്ലത്തുകരി, വേഴപ്പറമ്പ് തുടങ്ങിയ പാടശേഖരങ്ങളാലാണ് വിത്ത് വിതച്ചുതുടങ്ങിയത്.പ്രളയത്തിൽ നശിക്കാത്ത പാടശേഖരങ്ങളിലെ നെൽചെടികൾ ഇപ്പോൾ പറിച്ചുനടീൽ പ്രക്രിയ നടക്കുകയാണ്. അയ്മനം പഞ്ചായത്തിലെ മേനോൻകരി, മണിയാമ്പറമ്പ്, നീണ്ടൂരിലെ വിരിപ്പുകാല പാടശേഖരങ്ങളിൽ രണ്ടാഴ്ചക്കുള്ളിൽ കൊയ്ത്ത് ആരംഭിക്കും.
കർഷക പ്രശ്നത്തിന് പരിഹാരമുണ്ടാവണം
പുഞ്ചകൃഷി നടത്താനുള്ള കർഷകരുടെ പരിശ്രമത്തെ തടസപ്പെടുത്തിക്കൊണ്ട് ജില്ലാ പുഞ്ച സ്പെഷ്യൽ ഓഫീസറുടെ അനാവശ്യ നിയന്ത്രണങ്ങളും സാങ്കേതിക പ്രതിസന്ധിയും പരിഹരിക്കുന്നതിന് സർക്കാർ അടിയന്തരമായി ഇടപെടണം. അപ്പർ കുട്ടനാട്ടിൽ കൃഷി ചെയ്യുന്നതിന് ഒരുക്കങ്ങൾ പൂർത്തിയാക്കിയപ്പോഴാണ് പമ്പിംഗ് പ്രതിസന്ധിയിലാക്കി ഉദ്യോഗസ്ഥർ രംഗത്ത് എത്തിയത്. ഇത് ശരിയല്ല. കർഷകദ്രോഹമാണ്.
മോൻസ് ജോസഫ് എം.എൽ.എ
കടുത്തുരുത്തി