election

കോട്ടയം: കൊവിഡ് വ്യാപനം ശക്തമാകുന്നതിനിടയിലും ഡിസംബറിൽ തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുമെന്ന പ്രതീക്ഷയിൽ സ്ഥാനമോഹികൾ കളത്തിലിറങ്ങിത്തുടങ്ങി. സംവരണ വാർഡ് നിർണയം പൂർത്തിയായതോടെ സീറ്റുകൾ ഉറപ്പിക്കാനുള്ള സമ്മർദ്ദ തന്ത്രങ്ങളാണ് ഇപ്പോൾ നടക്കുന്നത്. സിറ്റിംഗ് സീറ്റ് സംവരണ വാർഡ് തിരഞ്ഞെടുപ്പിൽ നഷ്ടപ്പെട്ടവർ സമീപ വാർഡുകൾ പിടിക്കാനുള്ള കളിയിലാണ്.

കേരളകോൺഗ്രസ് ജോസ് വിഭാഗം ഇടതു മുന്നണിയുമായി സഹകരിക്കുന്നതിന്റെ ഭാഗമായി കൈവശമുള്ള സീറ്റുകൾ നഷ്ടപ്പെടുമോ എന്ന ഭീതിയിലാണ് ഇടതു മുന്നണി സ്ഥാനമോഹികളെങ്കിൽ ജോസ് വിഭാഗം പോയതോടെ കൂടുതൽ സീറ്റ് കിട്ടുമെന്ന സന്തോഷത്തിലാണ് യു.ഡി.എഫ് ഘടക കക്ഷികൾ .

സി.പി.എം യോഗങ്ങൾ തുടങ്ങി

ഇടതു മുന്നണിയിലെ പ്രധാന ഘടക കക്ഷിയായ സി.പി.എം ബ്രാഞ്ച് , ഏരിയ ,ലോക്കൽ കമ്മിറ്റി തലത്തിൽ സ്ഥാനാർത്ഥി നിർണയത്തിന്റെ ആദ്യഘട്ട ചർച്ചയിലേക്ക് കടന്നു. മത്സരിക്കേണ്ട വാർഡുകളുടെ പട്ടിക ഏരിയ, ലോക്കൽ കമ്മിറ്റികൾ കൂടി ജില്ലാ കമ്മിറ്റിക്കു നൽകും. സംവരണ വാർഡുകളിലേയ്ക്ക് സ്ഥാനാർത്ഥികളായി പൊതു സമ്മതരായ സ്ത്രീകളെ കണ്ടെത്താനുള്ള ശ്രമവും തുടങ്ങി. ശനിയാഴ്ച എൽ.ഡി.എഫ് പഞ്ചായത്ത് ,നിയോജക മണ്ഡലയോഗങ്ങൾ ആരംഭിക്കും.

യു.ഡി.എഫ് ചർച്ചയായില്ല

കേരള കോൺഗ്രസ് ജോസ് വിഭാഗം യു.ഡി.എഫിൽ നിന്ന് പോയതുവഴി ഒഴിവു വന്ന സീറ്റ് മോഹിച്ച് കോൺഗ്രസ് , ജോസഫ് വിഭാഗം സ്ഥാനാർത്ഥികൾ കളി തുടങ്ങിയെങ്കിലും സംസ്ഥാന തലത്തിൽ യു.ഡി..എഫ് തീരുമാനം ഉണ്ടാകും വരെ കാക്കാനാണ് നിർദ്ദേശം. ഇക്കാരണത്താൽ ജില്ലാ തലത്തിൽ യു.ഡി.എഫ് സീറ്റ് ചർച്ച തുടങ്ങിയിട്ടുമില്ല .

ശക്തി തെളിയിക്കാൻ ബി.ജെ. പി

തദ്ദേശ തിരഞ്ഞെടുപ്പിൽ പരമാവധി സീറ്റ് ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് ബി.ജെ.പി. വാർഡു തല തിരഞ്ഞെടുപ്പ് കമ്മിറ്റികൾ സ്ഥാനാർത്ഥി ചർച്ച തുടങ്ങി. എൻ.ഡി.എ തലത്തിൽ സീറ്റ് ചർച്ച തുടങ്ങിയിട്ടില്ല .

ജോസ് വിഭാഗം കമ്മിറ്റി ഇന്ന്

കേരളകോൺഗ്രസ് ജോസ് വിഭാഗം തദ്ദേശ തിരഞ്ഞെടുപ്പിൽ ഇടതു മുന്നണിയുമായി സഹകരിച്ചു പ്രവർത്തിക്കുമെന്ന് ഉറപ്പായെങ്കിലും സീറ്റ് ചർച്ചയിലേക്ക് കടന്നിട്ടില്ല. ഇന്ന് ജോസ് വിഭാഗം സ്റ്റിയറിംഗ് കമ്മിറ്റി ചേരുന്നുണ്ട്. ഔദ്യോഗിക പ്രഖ്യാപനം കഴിഞ്ഞേ സീറ്റ് ചർച്ച തുടങ്ങൂ.

ജില്ലാ പഞ്ചായത്ത് - 22 ഡിവിഷൻ

ബ്ലോക്കുകൾ -11 (വാർഡുകൾ 146)

പഞ്ചായത്ത് -71 (വാർഡുകൾ 1140)