
കോട്ടയം: അതിവേഗവും ഒപ്പം അശ്രദ്ധയും കൈ കോർക്കുന്നതോടെ മാങ്ങാനം ഹൈസ്‌കൂൾ ജംഗ്ഷൻ അപകടവേദിയാകുന്നു. ഏറ്റവും ഒടുവിൽ ഇവിടെയുണ്ടായ അപകടത്തിൽ അതിരമ്പുഴ സ്വദേശിയായ ബൈക്ക് യാത്രക്കാരൻ മരിച്ചതോടെയാണ് അപകടത്തിന്റെ തീവ്രത വ്യക്തമായത്. മാങ്ങാനം മക്രോണി പാലം മുതൽ മന്ദിരം ജംഗ്ഷൻ വരെയുള്ള ഭാഗമാണ് അപകടമേഖല. രണ്ടു കിലോമീറ്ററിനുള്ളിൽ കഴിഞ്ഞ ഒരു മാസത്തിനിടെ ഉണ്ടായത് ചെറുതം വലുതുമായ 18 അപകടങ്ങളാണ്. ഈ അപകടങ്ങളിൽ ഒരു മരണവും, ഇരുപതോളം ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തു.
കഴിഞ്ഞ 30 നുണ്ടായ അപകടത്തിൽ അതിരമ്പുഴ സ്വദേശി മരിച്ച ശേഷം മാത്രം അഞ്ച് അപകടങ്ങളുണ്ടായി. കങ്ങഴയിലെ ടൈൽ കടയിലെ ജീവനക്കാരനായ സിബി ജോലിയ്ക്കു ശേഷം വീട്ടിലേയ്ക്കു മടങ്ങുന്നതിനിടെ ഇടവഴിയിൽ നിന്നും കയറിയെത്തിയ വാഹനം സിബിയുടെ ബൈക്കിൽ ഇടിക്കുകയായിരുന്നു.
നാല് വളവുകൾ
കഞ്ഞിക്കുഴിയിൽ നിന്നും പുതുപ്പള്ളിയിലേയ്ക്കുള്ള പ്രധാന റോഡാണ് ഇത്. ഇവിടെ മക്രോണി പാലം മുതൽ മന്ദിരം ജംഗ്ഷൻ വരെയുള്ള ഭാഗത്ത് നാലു വളവുകളാണ് ഉള്ളത്. മാങ്ങാനം ഹൈസ്‌കൂൾ ജംഗ്ഷനാണ് അപകടത്തുരുത്തായി മാറുന്നത്. ഇവിടെ നിലവിൽ നാലു റോഡുകളാണ് വന്നു ചേരുന്നത്. മറ്റു സ്ഥലങ്ങളിൽ നിന്നും എത്തുന്ന ഡ്രൈവർമാർക്ക് ഇടവഴികൾ അത്ര പരിചയമില്ലാത്തതും അപകടത്തിനു കാരണമാകുന്നുണ്ട്.
റോഡിലെ അമിതവേഗം കുറയ്‌ക്കാൻ കർശന നടപടികൾ ഉണ്ടാകണം. പൊലീസും മോട്ടോർ വാഹന വകുപ്പും കർശനമായ പരിശോധന നടത്തണം. ഹമ്പ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും വാഹനങ്ങൾ വേഗം കുറയ്‌ക്കുന്നില്ലെന്നതാണ് അപകടത്തിന്റെ കാരണം.
അനിൽകുമാർ
നാട്ടുകാരൻ