gps

കോട്ടയം: പഴയ ചരക്ക് വാഹനങ്ങൾക്ക് ജി.പി.എസ് ഘടിപ്പിക്കേണ്ടെന്ന മന്ത്രിയുടെ നിർദേശമെത്തിയെങ്കിലും ഉത്തരവ് ഇറങ്ങുന്നത് കാത്തിരിക്കുകയാണ് ജില്ലയിലെ അഞ്ഞൂറോളം വാഹന ഉടമകൾ.

2016ലെ കേന്ദ്ര മോട്ടോർ വാഹന ചട്ടമനുസരിച്ചാണ് എല്ലാ ചരക്ക് വാഹനങ്ങൾക്കും ജി.പി.എസ് നിർബന്ധമാക്കിയത്. ഇതിനെതിരെ ചരക്ക് വാഹന ഉടമകൾ രംഗത്തെത്തിയതോടെ നിലവിലുള്ള ലൈറ്റ് , മീഡിയം, ഹെവി വാഹനങ്ങൾക്ക് ഇളവ് അനുവദിക്കാൻ കഴിഞ്ഞ 25ന് മന്ത്രി നിർദേശം നൽകി. എന്നാൽ ഉത്തരവ് ഇറങ്ങിയില്ല. ഈ സാഹചര്യത്തിൽ ടെസ്റ്റിംഗ് നടത്താതെ വാഹനവുമായി കാത്തിരിക്കുകയാണ് വാഹന ഉടമകൾ. നിലവിലെ സാഹചര്യത്തിൽ ടെസ്റ്റിംഗ് നടത്തണമെങ്കിൽ പതിനായിരങ്ങൾ മുടക്കി ജി.പി.എസ്. ഘടിപ്പിക്കേണ്ടിവരും.

 ഇളവില്ല

പുതിയ വാഹനങ്ങൾക്ക് ജി.പി.എസ് നിർബന്ധം. നിലവിൽ പഴയ യാത്രാ വാഹനങ്ങൾക്കും ജി.പി.എസ് ഉണ്ടെങ്കിലേ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കൂ.

'' ഏറെ നാളത്തെ ആവശ്യമാണ് മന്ത്രി അംഗീകരിച്ചതെങ്കിലും ഔദ്യോഗിക ഉത്തരവ് ഇതുവരെ ഇറങ്ങിയിട്ടില്ല. മോട്ടോർ വാഹനവകുപ്പിന്റെ ഭാഗത്ത് നിന്ന് അതിനുള്ള ഉത്തരവ് എത്രയും വേഗമുണ്ടാകണം. ഇക്കാരണം കൊണ്ട് വാഹനത്തിന്റെ ടെസ്റ്റിംഗ് നീളുകയാണ്''

മനോജ് തൃക്കോതമംഗലം, വാഹന ഉടമ