textiles
വസ്ത്ര വ്യാപാരശാലയിൽ മോഷണത്തിന് ശേഷംതുണികൾ വാരിവലിച്ചിട്ടിരിക്കുന്നു


അടിമാലി: അടിമാലിയിൽ വീണ്ടും മോഷണം.ബുധനാഴ്ച്ച യാണ് അടിമാലി ബസ് സ്റ്റാൻഡിൽ പ്രവർത്തിച്ചു വരുന്ന വസ്ത്രവ്യാപാര ശാലയിൽ മോഷണം നടന്നത്.കടയുടെ പിൻഭാഗം പൊളിച്ചായിരുന്നു മോഷ്ടാവ് ഉള്ളിൽ കടന്നത്.ഇയാളുടെ ചിത്രം സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.കടക്കുള്ളിൽ ഉണ്ടായിരുന്ന ആറായിരത്തോളം രൂപയും ഹോം തീയേറ്ററും മോഷണം പോയതായി കടയുടമ പറഞ്ഞു.ഉപയോഗിക്കാൻ കഴിയാത്തവിധം വസ്ത്രങ്ങൾക്ക് കേടുകൾ വരുത്തി. സിസിടിവിക്കും കംപ്യൂട്ടറിനും നാശനഷ്ടങ്ങൾ വരുത്തി.വസ്ത്രങ്ങൾ വാരിവലിച്ചിട്ട ശേഷം കടയുടെ ഭിത്തി മഷിപുരട്ടി അലങ്കോലമാക്കി.ബ്രൈഡൽ ഡിസൈനിംഗിനുപയോഗിക്കുന്ന വസ്തുക്കൾ കടക്കുള്ളിലാകെ നിരത്തി.മോഷണത്തിനൊപ്പം കടക്കുള്ളിൽ വലിയ നഷ്ടം വരുത്തിയാണ് മോഷ്ടാവ് രക്ഷപ്പെട്ടത്.സംഭവത്തിൽ കടയുടമ അടിമാലി പൊലീസിൽ പരാതി നൽകി.ശാസ്ത്രീയ തെളിവുകൾ ശേഖരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.ഏതാനും ദിവസങ്ങൾക്ക് മുമ്പ് ബസ് സ്റ്റാൻഡിൽ പ്രവർത്തിക്കുന്ന മലഞ്ചരക്ക് സ്ഥാപനത്തിൽ മോഷണം നടക്കുകയും രണ്ട് പ്രതികൾ പിടിയിലാവുകയും ചെയ്തിരുന്നു.വീണ്ടും മറ്റൊരു സ്ഥാപനത്തിൽ മോഷണം നടന്നത് വ്യാപാരികളിൽ ആശങ്ക ഉയർത്തിയിട്ടുണ്ട്.