interview
കട്ടപ്പന താലൂക്ക് ആശുപത്രിയില്‍ ഇന്നലെ നടന്ന ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയിലേക്കുള്ള കൂടിക്കാഴ്ചയില്‍ പങ്കെടുക്കാനെത്തിയവരുടെ തിരക്ക്.

കട്ടപ്പന: കട്ടപ്പന താലൂക്ക് ആശുപത്രിയിലെ ഡേറ്റ എൻട്രി ഓപ്പറേറ്റർ തസ്തികയിലേക്ക് നടത്തിയ കൂടിക്കാഴ്ചയിൽ കൊവിഡ് നിയന്ത്രണങ്ങൾ കാറ്റിൽപറത്തി പങ്കെടുത്തത് 150ൽപ്പരം ഉദ്യോഗാർത്ഥികൾ. നിരോധനാജ്ഞ ലംഘിച്ച് ഇന്നലെ കൂടിക്കാഴ്ച നടത്തിയ കട്ടപ്പന നഗരസഭയുടെയും ആരോഗ്യ വകുപ്പിന്റെയും നടപടി വിവാദത്തിലായിരിക്കുകയാണ്. സാമൂഹിക അകലം പോലും പാലിക്കാതെ ഉദ്യോഗാർഥികൾ തടിച്ചുകൂടിയതോടെ ആശുപത്രിയുടെ പ്രവർത്തനവും താളംതെറ്റി. ആൾക്കൂട്ടമൊഴിവാക്കാൻ ആരോഗ്യ വകുപ്പും നടപടി സ്വീകരിച്ചില്ല.
കൊവിഡ് വ്യാപനത്തെ തുടർന്ന് ജില്ലയിലെ പ്രധാന ടൗണുകളിൽ 144 പ്രഖ്യാപിച്ചിരിക്കുകയാണ്. എന്നാൽ ആരോഗ്യ വകുപ്പ് തന്നെ നിയമലംഘനം നടത്തിയത് വലിയ വിമർശനത്തിനിടയാക്കിയിട്ടുണ്ട്. ഒരു തസ്തികയിലേക്കുള്ള കൂടിക്കാഴ്ചയിൽ പങ്കെടുക്കാൻ ഒരേസമയം 150ൽപ്പരം പേർ ആശുപത്രി പരിസരത്ത് തടിച്ചുകൂടി. സാമൂഹിക അകലം പാലിക്കാതെ ആളുകൾ കൂട്ടംകൂടിയതോടെ ആശുപത്രിയിലെത്തിയ രോഗികളും വലഞ്ഞു. ഒ.പി. വിഭാഗത്തിൽ പ്രതിദിനം 500ൽപ്പരം രോഗികളാണ് എത്തുന്നത്. കൊവിഡ് പരിശോധന കേന്ദ്രവും ഇവിടെയാണ് പ്രവർത്തിക്കുന്നത്. ആവശ്യമായ മുൻകരുതൽ സ്വീകരിക്കുന്നതിൽ അധികൃതർ വീഴ്ച വരുത്തിയതാണ് ആൾക്കൂട്ടമുണ്ടാകാൻ കാരണം. ഉദ്യോഗാർഥികളുടെ വാഹനങ്ങൾ പാർക്ക് ചെയ്തതോടെ, ആശുപത്രിയുടെ മുൻവശത്തുകൂടി കടന്നുപോകുന്ന ഇരുപതേക്കർതൊവരയാർ റോഡിലും ഗതാഗതം തടസപ്പെട്ടു. അടുത്ത വ്യാഴാഴ്ച എക്‌സ്‌റേ ടെക്‌നീഷ്യൻ ഒഴിവിലേക്കും കൂടിക്കാഴ്ച സംഘടിപ്പിച്ചിട്ടുണ്ട്.