പാലാ: മാണി.സി. കാപ്പൻ എം.എൽ.എയുടെ കരുതലിൽ മീനച്ചിൽ റബർ മാർക്കറ്റിംഗ് ആൻ്റ് പ്രോസസിംഗ് സൊസൈറ്റിക്ക് പുതുജീവൻ. കെടുകാര്യസ്ഥത മൂലം പൂട്ടിക്കിടന്ന സൊസൈറ്റി ഇന്നലെ തുറന്നു. മാണി സി. കാപ്പൻ ഉദ്ഘാടനം ചെയ്തു. ആറു മാസത്തിനുള്ളിൽ സൊസൈറ്റിയുടെ കീഴിലെ ഫാക്ടറികൾ പ്രവർത്തിപ്പിക്കാനാവുമെന്ന് എം.എൽ.എ പറഞ്ഞു.
അഡ്വ ജോർജ് സി. കാപ്പൻ അദ്ധ്യക്ഷത വഹിച്ചു. വി.ജി. വിജയകുമാർ, എം.എം തോമസ്, ഡാർളിംഗ് ചെറിയാൻ ജോസഫ്, ഷാജി കെ. ജി. എന്നിവർ പ്രസംഗിച്ചു. ആദ്യ വിൽപ്പനയുടെ ഉദ്ഘാടനവും എം.എൽ.എ നിർവഹിച്ചു.
70 കോടി രൂപ ബാദ്ധ്യത വന്നതോടെയാണ് സൊസൈറ്റി പൂട്ടേണ്ടിവന്നത്. 27 കോടിയോളം നിക്ഷേപവും ബാക്കി കർഷകർക്കു നൽകാനുള്ള തുകയുമാണ്. സർക്കാർ തലത്തിൽ നടന്ന ചർച്ചയിൽ സൊസൈറ്റിയെ രക്ഷിക്കാനായി എം. എൽ.എ യുടെ നിർദ്ദേശപ്രകാരം കൺസോർഷ്യം രൂപീകരിച്ചു പ്രവർത്തനം ആരംഭിക്കുകയായിരുന്നു. വിവിധ ബാങ്കുകളിൽ നിന്നും സ്വരൂപിച്ച മൂന്ന് കോടി രൂപയാണ് ഇപ്പോഴത്തെ മൂലധനം.
കൂടല്ലൂർ, കരൂർ ഫാക്ടറികൾ സമയബന്ധിതമായി തുറക്കാനുള്ള നടപടിപൂർത്തീകരിച്ചു വരികയാണ്.