കട്ടപ്പന: കട്ടപ്പന നഗരസഭ കാര്യാലയത്തിലെത്തിയ വൃദ്ധയുടെ പണം മോഷ്ടിച്ച കേസിൽ രണ്ടുപേരെ കട്ടപ്പന പൊലീസ് അറസ്റ്റ് ചെയ്തു. പാമ്പാടുംപാറ കാഞ്ഞിരത്തുംമൂട് മക്കൊള്ളിൽ അനിൽകുമാർ (50), നെടുങ്കണ്ടം ഇല്ലിക്കാനം ശാന്തിഭവൻ ഷൺമുഖൻ (44) എന്നിവരാണ് പിടിയിലായത്. ചൊവ്വാഴ്ച നഗരസഭ കാര്യാലയത്തിലെത്തിയ കുന്തളംപാറ മല്ലികാപുരം സരസമ്മയെ സഹായിക്കാനെന്ന വ്യാജേന പ്രതികൾ സമീപിച്ചു. ഇതിനിടെ വൃദ്ധയുടെ പഴ്‌സ് തന്ത്രത്തിൽ കൈക്കലാക്കിയ ഇവർ 2550 രൂപ മോഷ്ടിക്കുകയായിരുന്നു. പണം നഷ്ടപ്പെട്ടതായി അറിഞ്ഞ സരസമ്മ നൽകി കട്ടപ്പന പൊലീസിൽ പരാതി നൽകി. എസ്.ഐ. സന്തോഷ് സജീവിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. ഇവരെ കട്ടപ്പന കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.