
കോട്ടയം: കേരളത്തിലെ ഉത്തമ ലക്ഷണമുള്ള നാട്ടാനകളിൽ ഒന്നായ തിരുനക്കര ശിവന്റെ ദേഹത്ത് വ്രണമുണ്ടായത് ആനപ്രേമികളെ ദു:ഖത്തിലാഴ്ത്തി. മദപ്പാടിനും നീണ്ട കാലത്തെ ചികിത്സയ്ക്കും ശേഷം തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ ആനക്കൊട്ടിലിൽ തളച്ചിട്ടുള്ള ശിവന്റെ മസ്തകത്തിന്റെ ഇടതു ഭാഗത്താണ് വ്രണം. പല്ലിന് ചെറിയ തേയ്മാനം വന്ന് പട്ട എടുക്കാൻ പ്രയാസം നേരിട്ടതോടെ ആന മെലിയുകയും ചെയ്തു.
തിരുനക്കരക്ഷേത്രത്തിൽ എത്തിയിട്ട് 30 വർഷം പൂർത്തിയാവുന്ന ഘട്ടത്തിലാണ് ശിവൻ രോഗബാധിതനായത് . മദപ്പാടിനെ തുടർന്ന് മാസങ്ങളോളം ചെങ്ങളത്ത് ഇളങ്കാവ് ദേവി ക്ഷേത്ര വളപ്പിൽ ചികിത്സയിലായിരുന്നു. ആന പ്രേമികളുടെ നിരന്തര അഭ്യർത്ഥന മാനിച്ചായിരുന്നു തിരുനക്കര ക്ഷേത്രത്തിലെ ആനക്കൊട്ടിലിലേക്ക് കൊണ്ടു വന്നത്. പാപ്പാൻമാരുടെ നിരന്തര മാറ്റവും പുതിയ ചട്ടം പഠിപ്പിക്കലും തിരുനക്കര ശിവൻ ഫാൻസ് അസോസിയേഷന്റെ പ്രതിഷേധത്തിന് കാരണമായിരുന്നു.