രാജാക്കാട്: ബൈസൺവാലിയിൽ പതിനാറുകാരിയെ രണ്ടാനച്ഛൻ മർദ്ദിച്ച സംഭവത്തിൽ രാജാക്കാട് പൊലീസ് മൊഴിയെടുത്തു. പെൺകുട്ടിയെ രണ്ടാനച്ഛൻ മാമലകണ്ടത്തിൽ വെച്ചാണ് മർദിച്ചത് .അതിനാൽ കുട്ടമ്പുഴ പൊലീസാണ് തുടർ നടപടി സ്വീകരിക്കേണ്ടതിനാൽ മൊഴിയും മറ്റ് റിപ്പോർട്ടുകളും രാജാക്കാട് പൊലീസ് കുട്ടമ്പുഴ പൊലീസിന് കൈമാറി. കഴിഞ്ഞ തിങ്കളാഴ്ച രാത്രി എട്ട് മണിയോടെ ബൈസൺവാലി ഗവ.സ്‌കൂളിൽ സംശയകരമായ സാഹചര്യത്തിൽ നാട്ടുകാർ കണ്ടതിനെ തുടർന്ന് പെൺകുട്ടിയെ രാജാക്കാട് പൊലീസ് എത്തി അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.എന്നാൽ ആശുപത്രി അധികൃതർ ഇന്റിമേഷൻ നല്കിയില്ല എന്ന കാരണത്താൽ ദിവസങ്ങൾ കഴിഞ്ഞിട്ടും പെൺകുട്ടിയുടെ മൊഴി എടുത്തിരുന്നില്ല. തുടർന്ന് രാജാക്കാട് പൊലീസ് ബുധനാഴ്ച രാത്രി 9 മണിയോടെ സ്ഥലത്ത് എത്തി മൊഴിയെടുക്കുകയായിരുന്നു.