പാലാ: മാണി സി കാപ്പൻ എം.എൽ.എയായി സത്യപ്രതിജ്ഞ ചെയ്തിട്ട് ഇന്ന് ഒരു വർഷം തികയുന്നു. കെ എം മാണിയുടെ നിര്യാണത്തെത്തുടർന്നു നടന്ന ഉപതെരഞ്ഞെടുപ്പിലാണ് മാണി.സി കാപ്പൻ അട്ടിമറി ജയം നേടിയത്. പാലായുടെ ചരിത്രത്തിലാദ്യമായിട്ടാണ് കെ.എം മാണി അല്ലാത്ത മറ്റൊരാൾ നിയമസഭാംഗമായി തെരഞ്ഞെടുക്കപ്പെടുന്നത്. 2913 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു മാണി.സി കാപ്പിന്റെ വിജയം.
മൂന്നു തവണ പാലാ മണ്ഡലത്തിൽ പരാജയപ്പെട്ട ശേഷം നാലാമങ്കത്തിലാണ് മാണി.സി കാപ്പൻ വിജയിച്ചത്.
മാണി സി കാപ്പൻ വിജയിച്ചാൽ മണ്ഡലത്തിൽ കാണില്ലെന്ന എതിരാളികളുടെ പ്രചാരണത്തിന്റെ മുനയൊടിച്ചു കൊണ്ട് പാലാമണ്ഡലത്തിലുടനീളം സജീവ സാന്നിദ്ധ്യമായി മാണി.സി കാപ്പൻ മാറി. പാലായിൽ എം.എൽ.എ ഓഫീസ് തുറന്നു കൊണ്ടായിരുന്നു പ്രവർത്തനങ്ങളുടെ തുടക്കം.
ഒരു വർഷം കൊണ്ട് 400 കോടിയോളം രൂപയുടെ വികസന പ്രവർത്തനങ്ങളാണ് പാലായ്ക്കായി നേടിയെടുത്തത്. മുടങ്ങിക്കിടന്ന നിരവധി പദ്ധതികൾ പൂർത്തീകരിക്കാൻ നടപടിയെടുത്തു. പാലാ ബൈപാസിനായി 9.57 കോടി രൂപ അനുവദിച്ചു. മീനച്ചിൽ റബ്ബർ മാർക്കറ്റിംഗ് ആന്റ് പ്രോസസിംഗ് സൊസൈറ്റി കൺസോർഷ്യം രൂപീകരിച്ചു തുറന്നുകൊടുത്തു.
തോട്ടം പുരയിടം പ്രശ്‌നത്തിന് ശാശ്വതപരിഹാരം ഉണ്ടാക്കി. കളരിയാമ്മാങ്കൽ പാലം അപ്രോച്ച് റോഡിനുള്ള സ്ഥലമേറ്റെടുക്കാനുള്ള നടപടിക്രമങ്ങൾ അവസാന ഘട്ടത്തിലാണ്. നിലച്ചുപോയ അരുണാപുരം ചെക്കു ഡാം കം ബ്രിഡ്ജ് പണി പുന:രാരംഭിക്കാൻ 20.17 അനുവദിപ്പിച്ചു. പാലാ ജനറൽ ആശുപത്രിയിൽ അടിയന്തിര വികസന പ്രവർത്തനങ്ങൾക്കായി 65 ലക്ഷം രൂപ അനുവദിച്ചു.
മലങ്കര ഡാമിൽ നിന്നും വെള്ളമെത്തിക്കുന്ന രാമപുരം കുടിവെള്ള പദ്ധതി ആവിഷ്‌ക്കരിച്ചു. എലിക്കുളത്ത് കുടിവെളളമെത്തിക്കുന്ന കരിമ്പുകയം പദ്ധതിക്കു 22 കോടി രൂപ അനുവദിച്ചു. മൂന്നിലവ് ചകണിയാംതടം ചെക്കുഡാം കം ബ്രിഡ്ജിന് 3 കോടി രൂപ മാറ്റിവച്ചു.
മാണി സി കാപ്പൻ സത്യപ്രതിജ്ഞയുടെ ഒന്നാം വാർഷികം അഗതികൾക്കൊപ്പമാണ് ചെലവഴിക്കുന്നത്.