കോട്ടയം: വിജിലൻസിന്റെ ഓപ്പറേഷൻ സ്റ്റോൺ വാൾ മൈനിംഗിന്റെ ഭാഗമായി ജില്ലയിലും മിന്നൽ പരിശോധന. മൈനിംഗ് ആൻഡ് ജിയോളജി വകുപ്പ് ഉദ്യോഗസ്ഥരുടെ മൗനാനുവാദത്തോടെ കരിങ്കൽ ക്വാറികളിൽ നിന്നും ക്രഷറുകളിൽ നിന്നും പെർമിറ്റ് അളവിൽ കൂടുതൽ കല്ലുകൾ കടത്തുന്നുവെന്ന പരാതിയെ തുടർന്നായിരുന്നു ഇത്.

വിജിലൻസ് കിഴക്കൻ മേഖല സൂപ്രണ്ട് വി. ജി. വിനോദ്കുമാറിന്റെ നേതൃത്വത്തിൽ വ്യാഴാഴ്ച പുലർച്ചെ അഞ്ചു മുതൽ നടത്തിയ പരിശോധനയിൽ വ്യാപകമായ ക്രമക്കേടുകൾ കണ്ടെത്തി.

ജില്ലയിലെ കങ്ങഴ, കറുകച്ചാൽ, പത്തനാട്, കുറവിലങ്ങാട്, പാല, കാഞ്ഞിരപ്പള്ളി എന്നിവിടങ്ങളിലാണ് പ്രധാന പരിശോധന നടത്തിയത്. 14 ടോറസ് ലോറികളും ആറു ടിപ്പർ ലോറികളും പിടിച്ചെടുത്തു. ഇവ അതത് പ്രദേശത്തെ പൊലീസ് സ്റ്റേഷനുകളിൽ ഏൽപ്പിച്ചു.