
തൃക്കൊടിത്താനം: കായിക മേഖലയ്ക്ക് പുത്തനുണർവേകാൻ തൃക്കൊടിത്താനത്ത് ഇൻഡോർ സ്‌റ്റേഡിയം റെഡി. കൊക്കോട്ടുചിറ കുട്ടികളുടെ പാർക്കിൽ നിർമ്മിച്ച ഇൻഡോർ സ്റ്റേഡിയം ജില്ലാ പഞ്ചായത്ത് അംഗം വി.കെ സുനിൽ കുമാർ നാടിന് സമർപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എൻ.രാജു അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഗ്രാമ, ബ്ലോക്ക്, ജില്ലാപഞ്ചായത്ത് പ്രതിനിധികളും പങ്കെടുത്തു. തൃക്കൊടിത്താനത്തിന്റെ വികസന പാതയിലെ ഒരു പൊൻതൂവൽ കൂടിയാണ് ഇൻഡോർ സ്റ്റേഡിയമെന്ന് വി.കെ സുനിൽ കുമാർ പറഞ്ഞു. 2015-16 ൽ പഞ്ചായത്തിന് ലഭിച്ച വേൾഡ് ബാങ്ക് ഷെയറും പഞ്ചായത്ത് ഫണ്ടും ചേർത്ത് 32 ലക്ഷം രൂപ ചെലവഴിച്ചാണ് ഇൻഡോർ സ്റ്റേഡിയം നിർമ്മിച്ചിരിക്കുന്നത്.
പാർക്കിന്റെ നടപ്പാതയിൽ രാവിലെയും വൈകിട്ടും നടക്കാനായി എത്തുന്നവർക്കും സ്റ്റേഡിയം കായിക വിനോദത്തിന് ഉപയോഗിക്കാം. പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് സ്റ്റേഡിയത്തിന്റെ പ്രവർത്തനങ്ങൾ നടത്തുക. പഞ്ചായത്തിൽ നടത്തിയിട്ടുള്ള നിരവധി വികസന പ്രവർത്തനങ്ങളിൽ യുവാക്കളുടെ സ്വപ്ന സാക്ഷാത്കാരം കൂടിയാണ് സ്റ്റേഡിയം. കൊവിഡ് 19 മഹാമാരിയുടെ വ്യാപനം കുറയുന്നതോടെ സ്റ്റേഡിയത്തിൽ ദൈനംദിനം പ്രവർത്തനം ഊർജ്ജിതമാവും.