
മറയൂർ: ചന്ദനകാടുകളുടെ വിസ്തൃതി കൂട്ടാൻ വനംവകുപ്പ് രംഗത്ത്. ഓരോ വർഷവും രണ്ട് ഹെക്ടർ സ്ഥലത്ത് വീതം ചന്ദന തൈകൾ നട്ടുവളർത്താനുള്ള പുതിയ പദ്ധതിയാണ് മറയൂരിൽ വനംവകുപ്പ് ആവിഷ്കരിച്ചിരിക്കുന്നത്. പദ്ധതിയുടെ ആദ്യപടിയായി രണ്ട് ഹെക്ടർ സ്ഥലത്ത് 4600 തൈകൾ നട്ടുകഴിഞ്ഞു. സംസ്ഥാന ഖജനാവിലേക്ക് എല്ലാവർഷവും കോടിക്കണക്കിന് രൂപയാണ് വനംവകുപ്പ് മറയൂർ ഡിവിഷൻ എത്തിക്കുന്നത്. മറയൂരിൽ ചന്ദനം അന്യം നിന്നുപോവാതെ സംരക്ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് പുതിയ പദ്ധതി. തൈകൾ നട്ട് ചന്ദനക്കാടിന്റെ വിസ്തൃതി വർദ്ധിപ്പിക്കുകയാണ് ലക്ഷ്യം.
കാട്ടുകള്ളന്മാരുടെ ശല്യവും മറ്റും മൂലം കുറെ ചന്ദനമരങ്ങൾ അപഹരിക്കപ്പെട്ടിട്ടുണ്ട്. തോക്കുമായി ഓരോ മരത്തിനും കാവൽ നിന്നാലും കാട്ടുകള്ളന്മാർ കുറുക്കുവഴികളിലൂടെ കടത്തുക പതിവാണ്. സംഘമായി എത്തി മരങ്ങൾകടത്തുന്നതും പതിവാണ്.
കൂടാതെ കാറ്റത്ത് മരങ്ങൾ കടപുഴകി വീഴും. ഇത് ശേഖരിച്ച് വേര് സഹിതം വനംവകുപ്പിന്റെ ഗോഡൗണിലേക്ക് മാറ്റി, അടുത്ത ലേലത്തിൽ വിൽക്കുകയാണ് പതിവ്. പ്രതിവർഷം രണ്ടായിരം കോടി രൂപയുടെ വരുമാനമാണ് മറയൂർ ചന്ദനം ഖജനാവിൽ എത്തിക്കുന്നത്.
പ്രായമായ മരങ്ങൾ വെട്ടിയെടുക്കുന്ന സ്ഥലത്തും തൈകൾ നട്ടുപിടിപ്പിക്കും. ഓരോ വർഷവും രണ്ട് ഹെക്ടർ സ്ഥലത്ത് വീതം പുതിയ തൈകൾ നട്ടുപിടിപ്പിക്കുന്നതോടെ ഏതാനും വർഷങ്ങൾക്കുള്ളിൽ മറയൂർ മേഖലയിൽ ചന്ദനമരങ്ങൾ തിങ്ങിനിറയും. ഓരോ മരവും സംരക്ഷിക്കാൻ പ്രത്യേകം വനപാലകരെയും ഏർപ്പാടാക്കിയിട്ടുണ്ട്.
ലോകത്തുതന്നെ ഏറ്റവും ഗുണമേന്മയുള്ള ചന്ദനമാണ് മറയൂരിലുള്ളത്. മറയൂരിൽ 1446 ഹെക്ടർ സ്ഥലത്താണ് ചന്ദനമരങ്ങളുള്ളത്.
മറയൂരിലെ ചന്ദനക്കാടുകളുടെ സംരക്ഷണം ഏറെ പ്രാധാന്യത്തോടെയാണ് നടപ്പിലാക്കിവരുന്നതെന്ന് മറയൂർ ഡി.എഫ്.ഒ രഞ്ജിത്ത് വ്യക്തമാക്കി. പതിനഞ്ച് പ്ലോട്ടുകളാക്കി തിരിച്ച് പരിപാലനത്തിന് വാച്ചർമാരെയും ഏർപ്പെടുത്തിയിട്ടുണ്ട്. ഓരോ പ്ലോട്ടിലും നട്ടിരിക്കുന്ന തൈകളുടെ എണ്ണവും എത്രയെന്ന് രേഖപ്പെടുത്തി. ഓരോമാസവും തൈകളുടെ വളർച്ചയും കൃത്യമായി രേഖപ്പെടുത്തിയാണ് പരിപാലനം. ചന്ദന മരങ്ങളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനൊപ്പം ഏറ്റവും ഗുണനിലവാരമുള്ള മറയൂർ ചന്ദനത്തിന്റെ സംരക്ഷണം കൂടി ഉറപ്പാക്കുകയാണ് വനംവകുപ്പിന്റെ ലക്ഷ്യം.